കൊച്ചി: കേരളത്തില്‍ കൊടുക്കുന്ന റേഷന്‍ മുഴുവന്‍ 'മോദി അരി'യാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. ഒരുമണി അരിപോലും പിണറായി വിജയന്റേതായി ഇല്ലെന്നും ജനങ്ങളുടെ അവകാശമാണ് നല്‍കുന്നത്, കേരളത്തിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും കേന്ദ്രസര്‍ക്കാരും പങ്കാളികളാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
കേരളത്തിന് കേന്ദ്രം നല്‍കിക്കൊണ്ടിരുന്നത് ഒരുലക്ഷത്തി പതിനെണ്ണായിരം മെട്രിക് ടണ്‍ ധാന്യങ്ങളാണെന്നും ഇതുകൂടാതെ ഓണത്തിന് കേന്ദ്രം ആറുമാസത്തേക്ക് അരി അഡ്വാന്‍സ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്സവാന്തരീക്ഷങ്ങളില്‍ എങ്കിലും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും ഇത് നേതാക്കളോടുളള അഭ്യര്‍ത്ഥനയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
ഓണക്കാലത്ത് കേരളത്തിന് പ്രത്യേക അരി ലഭിക്കുമെന്ന് ജോർജ് കുര്യൻ നേരത്തെ അറിയിച്ചിരുന്നു. കേരളത്തിലെ 42 ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുക. 53 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് 8.30 രൂപ നിരക്കിലും കേന്ദ്രസര്‍ക്കാര്‍ അരി വിതരണം ചെയ്യും. കേരളത്തിന് ആവശ്യമെങ്കില്‍ ആറുമാസത്തെ അഡ്വാന്‍സ് അരി നല്‍കാമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു.
അരി കിട്ടുന്നില്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ശരിയല്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഒരുമണി അരി പോലും അധികം നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല എന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. റേഷന്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും കേരളത്തില്‍ ബദല്‍ നയം നടപ്പിലാക്കാത്തതിനാലാണ് സംസ്ഥാനം വേറിട്ട് നില്‍ക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിന് അധിക അരി നല്‍കാനുള്ള തീരുമാനം ജോര്‍ജ് കുര്യന്‍ അറിയിച്ചത്.