ചാലക്കുടിയിലെ വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ സ്കൂൾ വിദ്യാർഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലുവയിലും എറണാകുളത്തുമുള്ള വിവിധ സ്കൂളുകളിലെ വിദ്യാർഥികളാണ് വിവിധ ആശുപത്രികളിൽ ചികിൽസയിലുള്ളത്. കഴിഞ്ഞമാസം പതിനേഴിന് ചാലക്കുടിയിലെ വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്കെത്തിയ പത്തിലധികം കുട്ടികളാണ് ആലുവയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ടുപേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. സംശയത്തെ തുടർന്ന് അഞ്ച് പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആലുവ ജോയ് മൗണ്ട് പബ്ലിക് സ്കൂളിലെ വിദ്യാർഥികളാണ് ഇവർ. വിനോദയാത്രയ്ക്ക് പോയ ഇരുനൂറ് കുട്ടികളിൽ പലർക്കും വയറിളക്കവും ഛർദിയും ബാധിച്ചു. പനി മാറാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കൂടുതൽ കുട്ടികൾ ചികിത്സ തേടിയതോടെയായിരുന്നു ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം.
