ബിഹാറിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന് രാഹുൽ ഗാന്ധി. ബോധ് ഗയയിലെ നിഡാനി ഗ്രാമത്തിലെ 947 വോട്ടർമാരുടെ പേരുകൾ ഒരൊറ്റ വീട്ടുനമ്പറിൽ രേഖപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ കാട്ടിയ അത്ഭുതം എന്ന് പറഞ്ഞാണ് സമൂഹ മാധ്യമമായ എക്സിലൂടെ പുതിയ ആരോപണം കോൺഗ്രസ് ഉയർത്തിയത്. ഗ്രാമത്തിലെ വീടുകൾക്ക് നമ്പർ നൽകിയിട്ടില്ലാത്തതിനാൽ സാങ്കൽപ്പിക നമ്പർ രേഖപ്പെടുത്തിയതാണെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനവും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പ്രതികരിച്ചു. വീട് നമ്പർ 6 ലാണ് ഗ്രാമത്തിലെ 947 പേരും താമസിക്കുന്നതെന്നും നൂറുകണക്കിന് വീടുകളും കുടുംബങ്ങളുമുള്ള നിദാനിയെ മുഴുവൻ പട്ടിക ഒരു സാങ്കൽപ്പിക ഭവനമാക്കി മാറ്റിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ബൂത്ത് ലെവൽ ഓഫീസർ വീടുതോറും പരിശോധന നടത്തുന്നതല്ലേയെന്നും പിന്നെങ്ങിനെയാണ് യഥാർത്ഥ വീട്ടുനമ്പറുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നും ചോദിച്ച കോൺഗ്രസ്, ആർക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നതെന്നും ചോദിച്ചു. വീട്ടുനമ്പറുകൾ മായ്ച്ചുകളഞ്ഞാൽ വ്യാജ വോട്ടും ഇരട്ട വോട്ടും മരിച്ചവരുടെ വോട്ടുകളും തള്ളുക പ്രയാസമാണെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു.