ലഖ്‌നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ 56 കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 26 കാരൻ പൊലീസ് പിടിയിൽ. ആഗസ്റ്റ് 11നാണ് റാണി എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോൾ റെക്കോഡുകളും സമൂഹമാധ്യമത്തിലെ സന്ദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൊലപാതകം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. അരുൺ രജ്പുത് എന്ന യുവാവും 56 കാരിയായ റാണിയും ഒന്നര വർഷം മുമ്പാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. എന്നാൽ നാല് കുട്ടികളുള്ള യുവതി പ്രായം കുറച്ച് കാണിക്കാനായി ഫിൽട്ടർ ഉപയോഗിച്ചാണ് ചിത്രങ്ങളും റീലുകളും പങ്കുവെച്ചിരുന്നത്. ഇത് മനസിലാകാതിരുന്ന അരുൺ യുവതി ചെറുപ്പക്കാരിയാണെന്ന് കരുതി. ഇൻസ്റ്റഗ്രാം ബന്ധം പതിയെ പ്രണയത്തിലേക്ക് വഴിവെച്ചു. ഫറുക്കാബാദിലെ പല ഹോട്ടലുകളിൽവെച്ച് ഇരുവരും പരസ്പരം കാണ്ടുമുട്ടാൻ തുടങ്ങി. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. ഏകദേശം 1.5 ലക്ഷം രൂപയോളം അരുൺ രജ്പുതിന് യുവതി നൽകിയിരുന്നു.
ബന്ധം തുടരുന്നതിനിടെ യുവാവിനെ ഇവർ വിവാഹത്തിന് നിർബന്ധിക്കുകയും പണം തിരികെ ചോദിക്കുകയും ചെയ്തു. ഇതാണ് തർക്കത്തിനും കൊലപാതകത്തിനും വഴിവെച്ചത്. ആഗസ്റ്റ് 10 ന് റാണിയെ അരുൺ മെയിൻപുരിയിലേക്ക് വിളിച്ചുവരുത്തി. ഇവിടെവച്ചും യുവതി വിവാഹത്തിന് നിർബന്ധിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ റാണിയെ അരുൺ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സിറ്റി പൊലീസ് മേധാവി പറഞ്ഞു.