കോട്ടയം: കർണാടക സർക്കാരിനെതിരെ പ്രയോഗിക്കാൻ ബിജെപി തക്കം പാർത്തിരുന്ന വിഷയത്തില്‍ അതിവേഗ ഇടപെടലിലൂടെ രക്ഷകനായി വീണ്ടും കെസി വേണുഗോപാല്‍ എംപി.
ബംഗളൂരുവിലെ യെലഹങ്കിലെ കോഗിലു ലേയ്‌ഔട്ടിലെ വിവാദമായ കുടിയൊഴിപ്പിക്കല്‍ നടപടിയിലാണ് സർക്കാരിനെതിരെ ജനരോക്ഷം തിരിച്ചുവിടാൻ പ്രതിപക്ഷം 'ജാഗ്രതയോടെ' കാത്തിരുന്നിടത്ത് കെ.സി വേണുഗോപാലിന്റെ ഇടപെടല്‍ നിര്‍ണായകമായി മാറിയത്.
അനധികൃതമായ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നതെങ്കിലും മനുഷ്യാവകാശങ്ങള്‍ക്കും മാനുഷിക പരിഗണനകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് മാത്രമായിരിക്കണം ഇത്തരം നടപടി സ്വീകരിക്കേണ്ടതെന്ന് വേണുഗോപാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോടും പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിനോടും നിർദേശിക്കുകയായിരുന്നു.
ഇടപെടല്‍ ഹൈക്കമാൻഡ് നിർദേശപ്രകാരം ആണെന്നും പ്രശ്നം സർക്കാരിനെതിരെ തിരിച്ചുവിടാൻ പ്രതിപക്ഷം കാത്തിരിക്കുകയാണെന്ന് തിരിച്ചറിയണമെന്നും കെസി ഇരു നേതാക്കളെയും ധരിപ്പിച്ചു.
ആദ്യം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി സംസാരിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം പ്രവര്‍ത്തകസമിതി യോഗത്തിനായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി വേണുഗോപാല്‍ വിഷയത്തില്‍ പ്രത്യേക കൂടിക്കാഴ്ച നടത്തുകയായിരുന്നു.
തുടര്‍ന്ന് കര്‍ണാടക ഭവന കാര്യ മന്ത്രി സമീര്‍ അഹമ്മദുമായും കെസി വേണുഗോപാല്‍ ഫോണില്‍ സംസാരിച്ചു. ദുരിതബാധിതരെ അടിയന്തരമായി നേരില്‍ സന്ദര്‍ശിക്കാനും അവര്‍ക്ക് ആവശ്യമായ അടിയന്തര സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കാനും അദ്ദേഹം മന്ത്രിയോട് നിര്‍ദേശിച്ചു.















































































