കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ വേനൽക്കാല വിമാന സർവീസ് സമയവിവരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. 2023 മാർച്ച് 26 മുതൽ ഒക്‌ടോബർ 28 വരെയാണ് ഈ സർവീസുകളുടെ പ്രാബല്യം. ഇപ്പോൾ തുടർന്നു കൊണ്ടിരിക്കുന്ന ശീതകാല പട്ടികയിൽ ആകെ 1202 സർവീസുകളാണുള്ളത്. പുതിയ വേനൽക്കാല പട്ടികയിൽ 1484 പ്രതിവാര സർവീസുകളായി.രാജ്യാന്തര സെക്ടറിൽ ഇരുപത്തിമൂന്നും ആഭ്യന്തര സെക്ടറിൽ എട്ടും എയർലൈനുകളാണ് സിയാലിൽ സർവീസ് നടത്തുന്നത്. 332 രാജ്യാന്തര സർവീസുകളും 410 ആഭ്യന്തര സർവീസുകളുമാണ് പ്രഖ്യാപിക്കപ്പെട്ട വേനൽക്കാല പട്ടികയിലുള്ളത്. രാജ്യാന്തര സെക്ടറിൽ ഏറ്റവുമധികം സർവീസുള്ളത് അബുദാബിയിലേക്കാണ്. 51 പ്രതിവാര സർവീസുകൾ. രണ്ടാമതായി ദുബായിലേക്ക് 45 സർവീസുകളാണ് കൊച്ചിയിൽ നിന്നുള്ളത്. ഇൻഡിഗോ -63, എയർ ഇന്ത്യ എക്സ്പ്രസ്സ് -44, സ്‌പൈസ്‌ജെറ്റ് -21, എയർ അറേബ്യ അബുദാബി -20, എയർ ഏഷ്യ ബർഹാദ് -18, എയർ അറേബ്യ -14, എമിറേറ്റ്സ് എയർ -14, എത്തിഹാദ് എയർ -14, ഒമാൻ എയർ -14, സൗദി അറേബ്യൻ -14, സിങ്കപ്പൂർ എയർലൈൻസ് -14 എന്നിവയാണ് രാജ്യാന്തര സർവീസുകൾ നടത്തുന്ന പ്രമുഖ വിമാനക്കമ്പനികൾ. എയർ അറേബ്യ അബുദാബി ആഴ്ചയിൽ 10 അധികസർവീസുകളും എയർ ഏഷ്യ ബർഹാദ് കോലാലംപൂരിലേക്ക് പ്രതിദിനം ശരാശരി 5 സർവീസുകളും അധികമായി ആരംഭിക്കും.

സ്‌പൈസ് ജെറ്റ് മാലിയിലേക്കും റിയാദിലേക്കും
ഇൻഡിഗോ ദമാമിലേക്കും ബഹ്‌റൈനിലേക്കും പ്രതിദിന അധിക വിമാനസർവീസുകൾ നടത്തും. ഇൻഡിഗോ
എയർലൈൻസിൻ്റെ കൊച്ചി - റാസ് അൽ ഖൈമ പ്രതിദിന വിമാന സർവീസ്, കൊച്ചിയിൽ നിന്ന് പുതിയ രാജ്യാന്തര സെക്ടറിന് വഴി തെളിക്കും. എയർ ഇന്ത്യ-
യു.കെ വിമാന സർവീസ് ഹീത്രൂവിന് പകരം ലണ്ടൻ
(ഗാറ്റ്‌വിക്ക്)-ലേക്ക് മാറ്റിയിട്ടുണ്ട്. ആഭ്യന്തര പ്രതിവാര വിമാനസർവീസുകളിൽ ബാംഗ്ലൂരിലേക്ക് 131, മുംബൈയിലേക്ക് 73, ഡൽഹിയിലേക്ക് 64, ഹൈദരാബാദിലേക്ക് 55, ചെന്നൈയിലേക്ക് 35, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂർ, കൊൽക്കത്ത, പൂനെ, തിരുവനന്തപുരം
എന്നിവിടങ്ങളിലേക്ക് 7 സർവീസുകൾ വീതവും ഉണ്ടായിരിക്കും. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര എന്നിവ മുംബൈയിലേക്കും ഗോ ഫസ്റ്റ്, ഇൻഡിഗോ എന്നിവ ഹൈദരാബാദിലേക്കും ഇൻഡിഗോ ആകാശ എയർ എന്നിവ ബാംഗ്ലൂരിലേക്കും പ്രതിദിന അധിക വിമാനസർവീസുകൾ ആരംഭിക്കും.