ഇന്നലത്തെ എൽഡിഎഫ് യോഗത്തിൽ സീറ്റ് വിഭജനത്തിലെ അന്തിമധാരണ രൂപപ്പെടുമെന്നു കരുതിയിരുന്നെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ അൽപം കൂടി സമയമെടുക്കാമെന്നു തീരുമാനിച്ചു. കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ട പതിമൂന്നാം സീറ്റിൽ തീരുമാനവും ആയില്ല. കുറ്റ്യാടിയോ, പകരം മറ്റൊരു സീറ്റോ ആവശ്യപ്പെടുന്ന കേരള കോൺഗ്രസ് (എം) ഇക്കാര്യത്തിൽ ഉറപ്പു കിട്ടാത്തതിനാൽ, എറണാകുളം ജില്ലയിലെ ചില സീറ്റുകൾ വച്ചുമാറാമെന്ന സിപിഎമ്മിൻ്റെ ആവശ്യം സമ്മതിച്ചില്ല. ആന്റണി രാജുവിന്റെ അപ്പീൽ പരിഗണിക്കുന്നതു ഹൈക്കോടതി വെള്ളിയാഴ്‌ച ത്തേക്കു മാറ്റിയതോടെ ജനാധിപത്യ കേരള കോൺഗ്രസിൻ്റെ സീറ്റിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കാനായില്ല.












































































