ബ്രേക്കിനു പകരം ആക്സിലറേറ്റർ ചവിട്ടി അപകടമുണ്ടാവുന്നത് അടുത്തകാലത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം വാഗമണില്‍ ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി അമ്മയുടെ കൈയിലിരുന്ന നാലു വയസ്സുകാരൻ മരിച്ചതിന് കാരണവും ഡ്രൈവർക്കുണ്ടായ ഇതുപോലുള്ള അശ്രദ്ധയായിരുന്നു. ശാസ്ത്രീയമായ ഡ്രൈവിങ്ങിന് പാലിക്കേണ്ട കാര്യങ്ങള്‍ പാലിച്ചാല്‍ ഇത്തരം അപകടങ്ങള്‍ കുറയ്ക്കാനാവുമെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.
ബ്രേക്ക് ചവിട്ടുമ്പോൾ....
ബ്രേക്ക് ചവിട്ടാൻ ഉപയോഗിക്കുന്ന വലതു കാല്‍പ്പാദത്തിലെ ഉപ്പൂറ്റി വരേണ്ട സ്ഥാനം എപ്പോഴും ബ്രേക്ക് പെഡലിന്റെ താഴെ ഭാഗത്തായിരിക്കണം.
ആക്സിലറേഷൻ കൊടുക്കേണ്ട സമയത്ത് മാത്രം ഉപ്പൂറ്റിയുടെ സ്ഥാനം മാറാതെ വിരലുകള്‍ കറക്കി ആക്സിലറേറ്റർ നല്‍കണം.
വലതുകാല്‍ മുഴുവനായി എടുത്തുമാറ്റി ചവിട്ടാൻ ശ്രമിക്കുന്ന ഡ്രൈവർമാർ തിടുക്കത്തില്‍ ബ്രേക്ക് എന്നു കരുതി ആക്സിലറേറ്ററില്‍ ചവിട്ടാൻ സാധ്യതയുണ്ട്.
ഓട്ടോമാറ്റിക് ഗിയർ കാറുകള്‍ ഓടിക്കുന്നവർ വലതുകാല്‍ മൊത്തത്തില്‍ എടുത്തു മാറ്റേണ്ടി വരുന്ന ശീലം കൂടുതലായി കണ്ടുവരുന്നുണ്ട്. ഈ രീതിയില്‍ കാല്‍ മുഴുവനായി എടുത്തുമാറ്റി ചെയ്യേണ്ടി വരുമ്പോൾ സെക്കൻഡുകള്‍ മാത്രമാണെങ്കിലും സമയനഷ്ടവും ഉണ്ടാകുന്നുണ്ട്. ഡ്രൈവിങ്ങില്‍ ഇവ പോലും മണിക്കൂറുകളുടെ വിലയുള്ളതാണ്.
ഡ്രൈവിങ് സീറ്റിന് സമീപം ഊരിവെയ്ക്കുന്ന ചെരുപ്പ്, വാഹനങ്ങളുടെ ഡോറില്‍ വെയ്ക്കുന്ന കുപ്പികള്‍ എന്നിവയും ആക്സിലറേറ്ററിലും ബ്രേക്കിലും എത്തി കുടുങ്ങി അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരം സാധനങ്ങള്‍ അശ്രദ്ധമായി സൂക്ഷിക്കുന്ന ശീലങ്ങളും ഒഴിവാക്കണം.