കൊല്ലം: രണ്ടാംകുറ്റിയിൽ വാഹനങ്ങൾ കത്തി നശിച്ചു. നാല് ഇരുചക്ര വാഹനങ്ങളും കാറും ഓട്ടോയുമാണ് കത്തി നശിച്ചത്. ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിനാണ് ആദ്യം തീപ്പിടിച്ചത്. യാത്രക്കാരൻ ബൈക്ക് നിർത്തി തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ തീ ആളിക്കത്തി സമീപത്ത് നിർത്തിയിട്ടിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്കും കാറിനും തീപ്പിടിച്ചത്. ബുള്ളറ്റ് ബൈക്കിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാല് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
