പ്രവാസി വ്യവസായി എം.എ യൂസഫലിക്ക് എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ സമന്‍സ്. ലൈഫ് മിഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നതിനെ കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായാണ് ഇ.ഡി.യുടെ നടപടി. കൊച്ചിയിലെ ഇഡി ഓഫീസില്‍ വ്യാഴാഴ്ച യൂസഫലി ഹാജരാകണം എന്നു കാണിച്ചാണ് സമന്‍സ് നല്‍കിയിരിക്കുന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് നല്‍കിയ നോട്ടീസ് അനുസരിച്ച് യൂസഫലി മാർച്ച് 1ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിയിരുന്നു. എന്നാൽ ഹാജരായിരുന്നില്ല. ഇതോടെയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് വീണ്ടും സമന്‍സ് നല്‍കിയത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ മൊഴിയും യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട മുന്‍ കൂടിക്കാഴ്ച്ചകളുടെയും വിവരങ്ങളാണ് ഇഡി യൂസഫലിയിൽ നിന്നും തേടുക എന്നാണ് സൂചന.ഇഡിയുമായി സഹകരിക്കണമെന്നും അല്ലാത്ത പക്ഷം മണി ലോണ്ടറിങ് ആക്‌ട് പ്രകാരം നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും സമന്‍സിലുണ്ട്. ശിവശങ്കറും സ്വപ്ന സുരേഷും തമ്മില്‍ നടത്തിയ ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് യൂസഫലിയില്‍ നിന്നും ഇ.ഡി. വിവരങ്ങള്‍ തേടുന്നത്.

യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായതിന് കാരണം എംഎ
യൂസഫലിയാണെന്ന് സ്വപ്ന ചാറ്റില്‍ ആരോപിച്ചിരുന്നു. നോര്‍ക്കയിലെ ജോലിയും യൂസഫലി
ഇടപെട്ട് മുടക്കുമെന്നും സ്വപ്ന ആശങ്കപ്പെടുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയോട്
കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് യൂസഫലിയെ ഭയമില്ലെന്നും
ശിവശങ്കര്‍ ചാറ്റിൽ മറുപടി നല്‍കുന്നുണ്ട്.സ്വപ്നയെ ഹൈദരാബാദിലേക്ക് ട്രാന്‍സ്ഫര്‍
ചെയ്തതിന് പിന്നില്‍ യൂസഫലിയാണെന്നും ചാറ്റിലുണ്ട്. നോര്‍ക്കയിലെ നിയമനത്തെയും
യൂസഫലി എതിര്‍ക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടെന്നും
കാര്യങ്ങള്‍ വിശദീകരിച്ചെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. ബാക്കി
കാര്യങ്ങള്‍ മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും ചാറ്റിൽ ശിവശങ്കർ പറയുന്നു.
സിഎമ്മിന് യൂസഫലിയെ ഭയമില്ലെന്നും ചാറ്റില്‍ പറയുന്നുണ്ട്. ഇതിന് ശേഷമാണ് സ്‌പേസ്
പാര്‍ക്കില്‍ കണ്‍സല്‍റ്റന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനു
(പിഡബ്ല്യുസി) കീഴില്‍ സ്വപ്നയ്ക്ക് ജോലി ലഭിച്ചത്.