കൊച്ചി:വിദേശയാത്രകള്‍ക്ക് പോകുന്നവർക്ക് ഇനി വിമാനത്താവളങ്ങളില്‍ ക്യൂവില്‍ കാത്തുനില്‍ക്കേണ്ടി വരില്ല. ഇമിഗ്രേഷൻ നടപടികള്‍ അതിവേഗം പൂർത്തിയാക്കാൻ സഹായിക്കുന്ന 'ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം' (FTI-TTP) സംവിധാനം കൊച്ചി വിമാനത്താവളത്തില്‍ നിലവില്‍ വന്നു.
ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രയ്ക്കും സ്മാർട്ട് ഗേറ്റ് സംവിധാനത്തിലൂടെ കടന്നു പോകാം. ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനോ രേഖകള്‍ പൂരിപ്പിക്കുന്നതിനോ കാത്തു നില്‍ക്കേണ്ടതില്ല.
കേന്ദ്ര സർക്കാരിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ നടപ്പിലാക്കിയ ഈ പദ്ധതിയുടെ ഭാഗമായുള്ള കിയോസ്കുകള്‍ ആഗസ്റ്റ് 15 മുതല്‍ ടെർമിനല്‍ 3-ലെ ഡിപ്പാർച്ചർ വെയ്റ്റിങ് ഏരിയയില്‍ പ്രവർത്തിച്ചുതുടങ്ങും. ഈ നൂതന പദ്ധതിയിലൂടെ ഇന്ത്യൻ പൗരന്മാർക്കും ഓവർസീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡ് ഉള്ളവർക്കും സ്മാർട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് 20 സെക്കൻഡിനുള്ളില്‍ ഇമിഗ്രേഷൻ നടപടികള്‍ പൂർത്തിയാക്കാൻ കഴിയും.