തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയില്‍ നടനും എംപിയുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് വിജിലൻസ്. മോഹൻലാല്‍ അടക്കമുള്ള കൂടുതല്‍ സിനിമാ പ്രവർത്തകരുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തും.
ഈയാഴ്ച തന്നെ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് വിജിലൻസ് നീക്കം. എന്നാല്‍, കൊടിമര പുനർനിർമാണത്തിന് എത്ര സ്വർണം ലഭിച്ചു എന്നതില്‍ വിജിലൻസിന് ഇനിയും വ്യക്തത വന്നിട്ടില്ല. സ്വർണം നല്‍കിയവർ ഒറ്റയ്‌ക്കൊറ്റയ്ക്കല്ല, ഒരുമിച്ച്, സംഘമായാണ് സ്വർണം സംഭാവന ചെയ്തത്. അതിനാല്‍ ഒരാള്‍ എത്ര സ്വർണം തന്നു എന്നത് വിജിലൻസിന് കണ്ടെത്താനായിട്ടില്ല. സ്വർണ്ണം നല്‍കിയവരില്‍ പലർക്കും അളവിനെക്കുറിച്ച് ഓർമയില്ല. മാത്രമല്ല, രേഖകളില്‍ സ്വർണം നല്‍കിയവരുടെ പേരുകളും ഇല്ല. അതിനാല്‍തന്നെ, സംഭാവന ലഭിച്ച സ്വർണത്തിന്റെ കണക്ക് കൂടാനാണ് സാധ്യത.
കൊടിമരക്കൊള്ളയില്‍ നേരത്തെ ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികള്‍ വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. നാണയങ്ങളായി സ്വർണം നല്‍കിയെന്നാണ് ഇവർ മൊഴി നല്‍കിയത്. സ്വർണത്തിന്റെ കണക്കും അറിയിച്ചതായി സൂചനകള്‍ ഉണ്ടായിരുന്നു.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള 27 പേരാണ് കൊടിമര പുനർനിർമാണത്തിന് സംഭാവന നല്‍കിയതെന്നാണ് വിജിലൻസ് കണ്ടെത്തല്‍. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസില്‍ വിജിലന്‍സ് ഡിവൈഎസ്പി സി എസ് ഹരിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സിഐ രാജേഷ് കുമാര്‍, വിജിലന്‍സ് തെക്കന്‍ മേഖല സിഐ അജി ജി നാഥ് എന്നിവരും സംഘത്തിലുണ്ട്.
2017-ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനർനിർമ്മാണം നടന്നത്. നിർമ്മാണത്തിനാവശ്യമായ സ്വർണം സ്വീകരിക്കുന്നതില്‍ ചട്ടലംഘനം നടന്നെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാരുള്‍പ്പെടെ നിരവധിപേര്‍ കൊടിമരത്തിനും വാജി വാഹനത്തിനുംവേണ്ടി സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.
ശബരിമലയിലെ കൊടിമരത്തിന്‍റെ പുനർനിർമ്മാണത്തിനായി സ്വർണം സ്വീകരിച്ചതില്‍ മുൻ അഡ്വക്കേറ്റ് കമ്മീഷണർ എഎസ്പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ദേവസ്വം വിജിലൻസ് ഹൈക്കോടതിക്ക് നല്‍കിയ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. എക്‌സിക്യൂട്ടീവ് ഓഫീസറെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരില്‍ നിന്ന് എഎസ്പി കുറുപ്പ് നേരിട്ട് സ്വർണം വാങ്ങിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. സ്വർണ്ണത്തിന്റെ അളവ് വിശദമാക്കുന്ന രസീത് നല്‍കുന്നതിലും വീഴ്ചയുണ്ടായി എന്നും കണ്ടെത്തലുണ്ട്. സ്വർണ ബിസ്കറ്റുകളും നാണയങ്ങളും അടക്കമുള്ളവയാണ് എഎസ്പി കുറുപ്പ് സ്വീകരിച്ചത്. ബാക്കിവന്ന സ്വർണം എവിടെ ഉപയോഗിച്ചെന്നതിലും കൃത്യമായ രേഖകളില്ല എന്നും കണ്ടെത്തലുണ്ട്.














































































