സംസ്ഥാനത്തെ ഐ.എ.എസ് തലത്തിലെ വ്യാപക അഴിച്ചുപണിയുടെ ഭാഗമായി കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ വിജയനെ സ്ഥലം മാറ്റി. അരുണ്‍ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായാണ് സർക്കാർ നിയമിച്ചത്.
പകരമായി പി. വിഷ്‌ണു രാജ് കണ്ണൂർ ജില്ലാ കളക്ടറായി ചുമതലയേൽക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ജില്ലകളിലെ കളക്ടർമാരെ മാറ്റിയിരുന്നെങ്കിലും അരുണ്‍ കെ വിജയനെ അന്ന് മാറ്റാത്തത് രാഷ്ട്രീയ-ഭരണ വൃത്തങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
കണ്ണൂരിലെ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് അരുണ്‍ കെ വിജയൻ വിവാദങ്ങളിൽപ്പെട്ടിരുന്നു. അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ യാത്രയയപ്പ് യോഗത്തിൽ നവീൻ ബാബുവിനെ അധിക്ഷേപിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെ കളക്ടർ പ്രതികരിക്കാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും കുടുംബവും കളക്ടർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യങ്ങൾക്കിടെയാണ് ഇപ്പോൾ അരുണ്‍ കെ വിജയനെ സർക്കാർ പുതിയ ചുമതലയിലേക്ക് മാറ്റിയത്.











































































