വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കഴിഞ്ഞ സര്‍ക്കാരിലെ ആരോഗ്യ വകുപ്പിനെതിരെ സമരം നടത്തിയ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നു. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടുവെന്നും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചുവെന്നും ഹര്‍ഷിന പ്രതികരിച്ചു.
സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ഇന്ന് തന്നെ ഓര്‍ഡര്‍ ഇറങ്ങുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായും ഹര്‍ഷിന പറഞ്ഞു. അടുത്തുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെയായിരിക്കും ജോലി ലഭിക്കുകയെന്നും അവര്‍ വ്യക്തമാക്കി.
നീതിക്കായുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന നിരവധി ആളുകള്‍ക്ക് നന്ദിയുണ്ടെന്നും ഹര്‍ഷിന പറഞ്ഞു. സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ചവരും ഉണ്ടായിരുന്നുവെങ്കിലും, അവഗണിച്ച് കളിയാക്കി വിട്ടവര്‍ക്കുള്ള മറുപടിയാണിതെന്നും അവര്‍ പ്രതികരിച്ചു.
2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റില്‍ കുടുങ്ങിയ കത്രിക അഞ്ച് വര്‍ഷത്തോളമാണ് ഹര്‍ഷിനയ്ക്ക് സഹിക്കേണ്ടി വന്നത്.
വേദന മാറാന്‍ പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലം കണ്ടില്ല. പിന്നീട് 2022 സെപ്റ്റംബര്‍ 13ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സി.ടി. സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു.
തുടര്‍ന്ന് ഫെബ്രുവരി 26ന് ഹര്‍ഷിന സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ കോളേജ് എസിപിയായിരുന്ന കെ. സുദര്‍ശനായിരുന്നു കേസ് അന്വേഷിച്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
നീതി ലഭിക്കുന്നത് വൈകിയതോടെ സെക്രട്ടേറിയറ്റിന് മുമ്പില്‍ ഹര്‍ഷിന സമരം നടത്തിയിരുന്നു.
2017 നവംബര്‍ 30ന് ഹര്‍ഷിനയ്ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്ന തളിപ്പറമ്പ് സൗപര്‍ണികയില്‍ ഡോ. സി.കെ. രമേശന്‍ (42), മലപ്പുറം ചങ്കുവട്ടി മംഗലത്ത് ഡോ. എം. ഷഹന (32), സ്റ്റാഫ് നഴ്സുമാരായ പെരുമണ്ണ പാലത്തുംകുഴി എം. രഹന (33), ദേവഗിരി കളപ്പുരയില്‍ കെ.ജി. മഞ്ജു (43) എന്നിവരാണ് കേസിലെ ഒന്നു മുതല്‍ നാല് വരെ പ്രതികള്‍.











































































