സ്ത്രീസുരക്ഷയും ഗാർഹിക ഉപഭോക്താക്കൾക്കുള്ള വൈദ്യുതി ഇളവും അടക്കമുള്ള പ്രഖ്യാപനങ്ങളാണ് ആദ്യഘട്ടത്തിൽ പുറത്തുവിട്ടത്.സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം പ്രത്യേക സേന രൂപീകരിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഇതിന് പുറമെ സ്ത്രീകൾക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ പ്രത്യേക ഹെൽപ്‌ലൈൻ സംവിധാനവും ഏർപ്പെടുത്തും. ലഹരിമരുന്ന് വ്യാപനം തടയാൻ പ്രത്യേക ദൗത്യസംഘത്തെയും നിയമിച്ചിട്ടുണ്ട്. ലഹരി മാഫിയയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക സർക്കാർ പ്രധാന ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഗാർഹിക ഉപഭോക്താക്കൾക്ക് മാസം 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതി പ്രഖ്യാപിച്ചതും ജനങ്ങൾക്ക് വലിയ ആശ്വാസമായി. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കുടിവെള്ളം എന്നീ അടിസ്ഥാന മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അറിയിച്ചു.
കർഷകരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെയുള്ള അടിസ്ഥാന തൊഴിൽവിഭാഗങ്ങൾക്ക് കൂടുതൽ പരിഗണന നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുതാര്യമായ ഭരണസംവിധാനമാണ് സർക്കാർ കാഴ്ചവയ്ക്കുകയെന്നും, വിദ്യാഭ്യാസം, ഭക്ഷ്യവിതരണം, ആരോഗ്യം എന്നിവയ്ക്ക് പ്രഥമ പരിഗണന നൽകുമെന്നും വ്യക്തമാക്കി.
ഭരണത്തിൽ പല അധികാരകേന്ദ്രങ്ങൾ ഉണ്ടാകില്ലെന്നും, ഏകോപിത നേതൃത്വമാണ് സർക്കാരിന്റെ ശക്തിയാവുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.











































































