വി ഡി സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ് എന്ന തരത്തില്‍ കഴിഞ്ഞ ദിവസം മാധ്യമ വാർത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണ്.
വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ സ്പീക്കർ വ്യക്തതയ്ക്കായി ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ആ ചോദ്യങ്ങള്‍ക്കുള്ള വിജിലൻസിന്റെ മറുപടിയാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. വി ഡി സതീശൻ എംഎല്‍എയുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ എന്നതായിരുന്നു ചോദ്യം. അതിന് ഇല്ല എന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്.
ഇതിനർത്ഥം വി ഡി സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല എന്ന് മാത്രമാണ്. യഥാർത്ഥത്തില്‍ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന എൻജിഒയുടെ അക്കൗണ്ട് വഴിയായിരുന്നു ധനസമാഹരണം. ഈ അക്കൗണ്ടിലേക്ക് യുകെയില്‍ നിന്ന് പണം വന്നിട്ടുണ്ട്.
വി ഡി സതീശൻ ബർക്കിംഗ് ഹാമില്‍ പോയി ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് പ്രസംഗിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. മണപ്പാട്ട് ഫൗണ്ടേഷന്റെ എഫ് സി ആർ ഐ അക്കൗണ്ടിലേക്കും കറണ്ട് അക്കൗണ്ടിലേക്കും മറ്റൊരു അക്കൗണ്ടിലേക്കും ആണ് പണം വന്നത്. ഇതുകൂടാതെ ചില വിദേശ രാജ്യങ്ങളില്‍ നിന്നും ഈ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ട്.
ഇക്കാര്യത്തില്‍ എഫ്സിആർഎ നിയമത്തിന്റെ ലംഘനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ ചെയ്തത്. പ്രതിപക്ഷ നേതാവിന്റെ സ്വന്തം അക്കൗണ്ടിലേക്ക് പണം വന്നില്ലെന്നത് മാത്രം ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ ക്ലീൻ ചിറ്റ് പ്രചാരണങ്ങള്‍.














































































