ടെഹ്റാൻ: അറബിക്കടലില്‍ ഇറാന്റെ ഡ്രോണ്‍ വെടി വെച്ചിട്ട് അമേരിക്ക. അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കന് നേരെ എത്തിയ ഡ്രോണാണ് വെടിവച്ചിട്ടതെന്നാണ് വിശദീകരണം.
അതേസമയം നിരീക്ഷണ ഡ്രോണ്‍ നല്‍കിയ വിവരങ്ങള്‍ സുരക്ഷിതം എന്നാണ് ഇറാനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച എബ്രഹാം ലിങ്കന് നേരെ ആക്രമണാത്മകമായി സമീപിച്ചതോടെയാണ് ഡ്രോണ്‍ തകർത്തത്. എബ്രഹാം ലിങ്കണില്‍ നിന്ന് പറന്നുയർന്ന എഫ്-35സി സ്റ്റെല്‍ത്ത് യുദ്ധവിമാനമാണ് ഡ്രോണ്‍ വെടിവച്ചിട്ടത്. വിമാനവാഹിനിക്കപ്പലിന്റെയും അതിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധം എന്ന നിലയില്‍ ആണ് നടപടിയെന്നാണ് യുഎസ് സെൻട്രല്‍ കമാൻഡ് വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത്. ഡ്രോണ്‍ അടുത്തു വരുമ്പോള്‍ കപ്പല്‍ ഇറാനിയൻ തീരത്ത് നിന്ന് ഏകദേശം 500 മൈല്‍ അകലെയായിരുന്നു.
ഡ്രോണ്‍ എന്തിനാണ് കപ്പലിനെ സമീപിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ക്യാപ്റ്റൻ ടിം ഹോക്കിൻസ് കൂട്ടിച്ചേർത്തു. ഈ സംഭവത്തില്‍ അമേരിക്കൻ സൈനികർക്ക് ആർക്കും പരിക്കേല്‍ക്കുകയോ ഉപകരണങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ല. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ അമേരിക്ക സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനിടയിലാണ് ഈ സംഭവം.
ആണവ ചർച്ചയില്‍. അമേരിക്കയുടെ ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്ന നിലപാട് ഖമനേയിയുടെ മുഖ്യ ഉപദേഷ്ടാവാണ് വിശദമാക്കിയിരുന്നു. ആണവ ചർച്ചയില്‍ വിട്ടുവീഴ്ചയില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ വിട്ടുനല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആണവ ചർച്ചകളില്‍ നിന്ന് പിന്മാറുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്തുവന്നാലും സമ്പുഷ്ടീകരിച്ച യുറേനിയം വിട്ടുനല്‍കിക്കൊണ്ടുള്ള സമവായത്തിന് ഇല്ലെന്ന സൂചനയാണ് ഇറാൻ പരമോന്നത നേതാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇറാന്റെ ഡ്രോണ്‍ അമേരിക്ക തകർത്തത്.














































































