പുനരുപയോഗ സാധ്യതയില്ലാത്ത അജൈവ വസ്തുക്കൾ പ്രദേശത്ത് നിന്നും നീക്കം ചെയ്യുന്ന ആദ്യ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ നിർവ്വഹിച്ചു.
കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിൽ, വിജയപുരം പഞ്ചായത്തിലെ വടവാതൂരിൽ സ്ഥിതി ചെയ്യുന്ന ഡംപിങ് യാർഡിൽ 76 കൊല്ലം കൊണ്ട് നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് തുടങ്ങിയത്.
കേരളാ ഖരമാലിന്യ പരിപാലന പദ്ധതി (KSWMP ) യുടെ സാങ്കേതിക, സാമ്പത്തിക പിന്തുണയിൽ ബയോ-മൈനിങ് ആൻഡ് ബയോ-റെമഡിയേഷൻ പ്രക്രിയയിലൂടെയാണ് മാലിന്യങ്ങൾ നീക്കം ആരംഭിച്ചിരിക്കുന്നത്.
തരംതിരിച്ച മാലിന്യങ്ങളിൽ പുനരുപയോഗ സാധ്യതയില്ലാത്തതും, ഇന്ധനമായി മാറ്റാവുന്നതുമായ (RDF -Refuse-Derived Fuel) പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ തമിഴ്‌നാട്ടിലെ, തിരുച്ചിറപ്പള്ളി, ഡാൽമിയപുരത്തുള്ള ഡാൽമിയ ഭാരത് ലിമിറ്റഡിന്റെ സിമന്റ് ഫാക്ടറിയിലേക്ക് എത്തിക്കുന്നതിനുള്ള ആദ്യ ലോഡ് കയറ്റിയ വാഹനത്തിന്റെ ഫ്ളാഗ്ഓഫ് കോട്ടയം നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. റ്റി. സോമൻകുട്ടിയുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
ചടങ്ങിൽ കോട്ടയം നഗരസഭയുടെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രഞ്ജിത്ത് സി.ജി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബിന്ദു സന്തോഷ്കുമാർ, കൗൺസിലർമാരായ എബി കുന്നേൽ, ജിഷ ജോഷി വിജയപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ലിബി ജോസ് ഫിലിപ്പ്, വാർഡ് മെമ്പർ ബാബു പി ജോസഫ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ അജി, KSWMP ഡെപ്യൂട്ടി ഡിസ്‌ട്രിക്‌ട് കോഓർഡിനേറ്റർ റീനു ചെറിയാൻ, തുടങ്ങിയവർ പങ്കെടുത്തു.
നിലവിൽ ഒരുക്കിയിരിക്കുന്ന സംവിധാനത്തിലൂടെ പ്രതിദിനം 400 ടൺ മാലിന്യങ്ങൾ തരംതിരിക്കുവാൻ സാധിക്കുന്നതാണ്.
മാലിന്യനീക്കം വേഗത്തിലാക്കുവാൻ ഉടൻ തന്നെ 400 ടൺ പ്രതിദിന ശേഷിയുള്ള മറ്റൊരു യന്ത്രസൗകര്യവും കൂടി ഒരുക്കി വരുന്ന മഴക്കാലത്തിനു മുൻപ് തന്നെ ഡംപ് സൈറ്റിലെ മാലിന്യങ്ങൾ നീക്കി ഭൂമി വീണ്ടെടുക്കുവാനുള്ള ശ്രമത്തിലാണ് കോട്ടയം നഗരസഭ.