തിരുവനന്തപുരം∙ ലോകത്തുതന്നെ അപൂര്‍വമായി മാത്രം കണ്ടുവരുന്ന രോഗമാണ് ഇപ്പോള്‍ സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത അമീബിക് മസ്തിഷ്ക ജ്വരം (പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്ത് ഒരു യുവാവിന്റെ ജീവനെടുത്തു. രണ്ടു മാസത്തിനിടെ കോഴിക്കോട്ടെ ആശുപത്രികളില്‍ മൂന്നു കുട്ടികളാണ് ഈ രോഗം ബാധിച്ചു മരിച്ചത്. വ്യത്യസ്ത സ്ഥലങ്ങളിലെ പൊതുകുളങ്ങളില്‍ കുളിച്ചതിനെ തുടര്‍ന്നാണു മൂന്നു കുട്ടികള്‍ക്കും രോഗബാധയുണ്ടായതെന്നത് ആശങ്കയേറ്റുന്നു. രണ്ടു കുട്ടികള്‍ക്ക് രോഗശാന്തി ലഭിച്ചുവെന്നതും ആശ്വാസകരമാണ്.
ആഗോളതലത്തില്‍ തന്നെ 97 ശതമാനമാണ് മരണനിരക്ക്. പ്രാഥമിക പരിശോധനയില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി ചികിത്സ നല്‍കാന്‍ കഴിഞ്ഞതാണ് രക്ഷയായത്. ഇന്നലെയും തിരുവനന്തപുരത്ത് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പേരൂര്‍ക്കട സ്വദേശിക്കാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരത്ത് നാലു പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ 39 പേര്‍ നിരീക്ഷണത്തിലാണ്. രോഗബാധയുടെ ഉറവിടമെന്ന് സംശയിക്കുന്ന കാവിന്‍കുളത്തില്‍ കുളിച്ച കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. എന്തുകൊണ്ടാണ് രോഗം കേരളത്തില്‍ പടര്‍ന്നുപിടിക്കുന്നതെന്ന തരത്തില്‍ പഠനങ്ങളും ഗവേഷണങ്ങളും അടിയന്തരമായി നടപ്പാക്കണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
2016 ല്‍ സംസ്ഥാനത്ത് ആദ്യമായി ആലപ്പുഴയിലാണ് രോഗം കണ്ടെത്തുന്നത്. അതിനുശേഷം പത്തോളം പേര്‍ക്കു രോഗം ബാധിച്ചു. അഞ്ചിനും 12നും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കു മാത്രമാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിച്ച കുട്ടികള്‍ക്കായിരുന്നു രോഗബാധ. ഇവര്‍ക്കൊപ്പം മുതിര്‍ന്നവരും കുളിച്ചെങ്കിലും അവര്‍ക്കു രോഗമുണ്ടായില്ല. കുട്ടികളുടെ മൂക്കിനുള്ളിലെ നേര്‍ത്ത പാളിയിലോ കര്‍ണപടത്തിലോ അപൂര്‍വമായി ഉണ്ടാകുന്ന സുഷിരം വഴി 'ബ്രെയിന്‍ ഈറ്റിങ് അമീബ' തലച്ചോറില്‍ എത്തും. യുവാക്കളില്‍ ഈ പാളിക്കു കനം കൂടുകയും സുഷിരം അടയുകയും ചെയ്യുന്നതിനാല്‍ അമീബയ്ക്ക് തലച്ചോറില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. ഇതിനു വിരുദ്ധമായാണ് കാഞ്ഞിരംകുളം നെല്ലിമൂട് കണ്ണറവിളയില്‍ യുവാക്കള്‍ക്കു രോഗം ബാധിച്ചതും ഒരാള്‍ മരിച്ചതും. കൂടാതെ പേരൂര്‍ക്കടയിലെ കുളത്തില്‍ കുളിച്ച 40 വയസ്സുള്ള വിജിത്തിനും രോഗം സ്ഥിരീകരിച്ചു. കണ്ണറവിളയ്ക്കു സമീപത്തെ കാവിന്‍കുളത്തില്‍ സ്ഥിരമായി കുളിക്കുന്ന യുവാക്കള്‍ക്കാണു രോഗം ബാധിച്ചത്.