ഏറ്റുമാനൂർ: കോട്ടയം ഏറ്റുമാനൂരിൽ വീട്ടമ്മയെ വീട്ടിൽ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തെള്ളകം പൂഴിക്കുന്നേൽ വീട്ടിൽ ജോസ് ചാക്കോയുടെ ഭാര്യ ലീന ജോസിനെ(55) യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
വീട്ടിലെ അടുക്കളയ്ക്ക് സമീപം കഴുത്തിന് ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്തുനിന്നും രണ്ട് കത്തികൾ കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ലീനയുടെ മകൻ പുലർച്ചെ ഒരുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ലീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ ഏറ്റുമാനൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് തുടർ നടപടികൾക്കായി മാറ്റി.
ലീന മാനസികവെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവസമയത്ത് ലീനയുടെ ഭർത്താവും ഇളയ മകനും വീട്ടിലുണ്ടായിരുന്നു. മരണത്തിൽ ദുരൂഹത സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതൽ കാര്യങ്ങൾ അതിന് ശേഷമേ വ്യക്തമാക്കാനാകൂവെന്നും പൊലീസ് പറഞ്ഞു.