വയനാട്ടിൽ മുത്തങ്ങ, തോൽപെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇന്ന് മുതൽ ഏപ്രിൽ 15 വരെ വിനോദസഞ്ചാരികൾക്ക് പ്രവേശന വിലക്ക്.വേനൽ കടുത്തതോടെ കർണാടക, തമിഴ്നാട് വനപ്രദേശങ്ങളിൽ നിന്നു വന്യജീവികൾ തീറ്റയും വെള്ളവും തേടി വയനാടൻ കാടുകളിലേക്കു കൂട്ടത്തോടെ വരാൻ തുടങ്ങിയ സാഹചര്യത്തിലാണ് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വന്യജീവിസങ്കേതങ്ങളിൽ വരൾച്ച രൂക്ഷമായതിനാൽ കാട്ടുതീ ഭീഷണിയും നിലവിലുണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈരവിഹാരത്തിന് തടസം സൃഷ്ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്നു വിലയിരുത്തിയാണ് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയത്.
