കൊച്ചി: ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്കയെന്ന് കെസിബിസി. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ കന്യസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും കേസ് നിലനില്‍ക്കുന്നത് ഭീതിദമാണെന്ന് കെസിബിസി വക്താവ് ഫാ. തോമസ് തറയില്‍ പറയുന്നു. കേസ് പിന്‍വലിച്ച് അവര്‍ക്ക് ഭരണഘടനാദത്തമായ എല്ലാ അവകാശങ്ങളും പൂര്‍ണമായും പുനഃസ്ഥാപിച്ചു നല്‍കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
'ഛത്തീസ്ഗഡില്‍ അന്യായമായി തുറങ്കലിലടയ്ക്കപ്പെട്ട സന്യാസിനിമാരോടും സഹോദരങ്ങളോടും കെസിബിസിയുടെ ഐക്യദാര്‍ഢ്യം ഒരിക്കല്‍കൂടി പ്രഖ്യാപിക്കുന്നു. ഈ പ്രതിസന്ധിയില്‍ കേരളസഭയുടെയും ക്രൈസ്തവസമൂഹത്തിന്റെയും സന്മനസ്സുള്ള സകലമനുഷ്യരുടെയും വലിയകൂട്ടായ്മ പ്രകടമായിരുന്നു',
അതേസമയം കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ക്രൈസ്തവ നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് ബിലീവേഴ്സ് ചര്‍ച്ച് അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് സില്‍വാനിയോസിന്റെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരിന് ക്രൈസ്തവ നേതാക്കള്‍ കേക്ക് സമ്മാനിച്ചിരുന്നു. കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി പറയാനാണ് ക്രൈസ്തവ പ്രതിനിധികള്‍ എത്തിയത്.
ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് വലിയ വിവാദമായിരുന്നു. ജയിലിലായി ഒമ്പതാം ദിവസമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. വിഷയത്തില്‍ സഭയ്ക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. ബിജെപിയെ വിമര്‍ശിച്ചും പിന്തുണച്ചും വിവിധ സഭകള്‍ രംഗത്തെത്തിയിരുന്നു.
ഓഗസ്റ്റ് രണ്ടിനാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് ബിലാസ്പുര്‍ എന്‍ഐഎ കോടതി കന്യാസ്ത്രീകള്‍ക്ക് ജാമ്യം അനുവദിച്ചത്. ജൂലൈ 25നാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യകടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍.












































































