തിരു.: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഓഗസ്റ്റ് ഒന്നു മുതൽ ഓരോ ഗ്രാമപ്പഞ്ചായത്തിലും ഒരേസമയം 20 ജോലിയിൽ കൂടുതൽ അനുവദിക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം. പത്തരക്കോടി തൊഴിൽ ദിനങ്ങളും അതിനുള്ള പദ്ധതികളുടെ ബജറ്റും തയ്യാറാക്കിയ കേരളത്തിന് വലിയ തിരിച്ചടിയാകുന്ന തീരുമാനം നടപ്പാകുന്നതോടെ ഒരു കുടുംബത്തിന് 100 തൊഴിൽ ദിനങ്ങൾ എന്ന ലക്ഷ്യം നടക്കില്ല.
സംസ്ഥാനത്തെ പഞ്ചായത്തുകളിൽ 13 മുതൽ 23 വാർഡുകളാണുള്ളത്. ഇപ്പോൾ എല്ലാ വാർഡുകളിലും ഒരേസമയം വിവിധ ജോലികൾ നടക്കുന്നുണ്ട്. എന്നാൽ, ഓഗസ്റ്റ് ഒന്നു മുതൽ 20-നു മേൽ വാർഡുകൾ ഉള്ള പഞ്ചായത്തുകളിൽ ഏതെങ്കിലും മൂന്നു വാർഡുകളിലുള്ളവർക്ക് തൊഴിൽ നൽകാനാവില്ല. റൊട്ടേഷൻ പ്രകാരം ഇവരെ പിന്നീട് ഉൾപ്പെടുത്താനാകുമെങ്കിലും സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന തൊഴിൽ നിഷേധിക്കേണ്ടി വരും. 25,90,156 പേരാണ് കേരളത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ആക്ടീവ് വർക്കർമാർ. 310.11 രൂപയാണ് ഒരു ദിവസത്തെ കൂലി.
വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലുറപ്പിൽ ഏറ്റെടുക്കുന്ന പദ്ധതികൾ പൂർത്തിയാകാത്തതുൾപ്പെടെയുള്ള പോരായ്മകളും ക്രമക്കേടുകളുമാണ് പുതിയനിയന്ത്രണത്തിനുപിന്നിലെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാർ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കേരളം പാലിക്കാറുണ്ട്.
തിരുത്തൽ ആവശ്യപ്പെട്ട് കേരളം കേന്ദ്രസർക്കാരിനു കത്തയച്ചു. ഇതിനു പുറമേ തദ്ദേശവകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ കേന്ദമന്ത്രിയെ നേരിട്ടു കണ്ടും ഈ ആവശ്യം ഉന്നയിക്കും.
ഇത്തവണ കേരളം പത്തരക്കോടി തൊഴിൽ ദിനങ്ങളുടെ ബജറ്റ് തയ്യാറാക്കിസമർപ്പിച്ചെങ്കിലുംആറുകോടിക്കാണ് അനുമതി നൽകിയത്. എന്നാൽ, മുൻകാലങ്ങളിലേതുപോലെ ബാക്കിക്കുംഅംഗീകാരംലഭിക്കുമെന്നാണ് പ്രതീക്ഷ.