ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ മകന്‍ ചൈതന്യ ഭാഗേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢ് മദ്യ നയ അഴിമതി കേസിലാണ് അറസ്റ്റ്. ഭൂപേഷ് ഭാഗേലിന്റെ റായ്പൂരിലെ ഭിലായിലെ വസതിയില്‍ നടന്ന പരിശോധനക്ക് പിന്നാലെയാണ് അറസ്റ്റ്.
മദ്യനയ അഴിമതി കേസില്‍ 2,000 കോടിയില്‍ അധികം രൂപയുടെ അഴിമതി നടന്നുവെന്നാണ് ഇഡി ആരോപണം. എന്നാല്‍ ഇന്ന് നിയമസഭയില്‍ തമ്‌നാറില്‍ അദാനിക്ക് വേണ്ടി മരങ്ങള്‍ മുറിക്കുന്ന വിഷയം ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് അറസ്റ്റെന്നും ഇഡി ദൂപേഷ് ബാഗേല്‍ പ്രതികരിച്ചു.
'ഇഡി എത്തി. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമാണ്. തംനാറില്‍ അദാനിക്ക് വേണ്ടി മരം മുറി നടക്കുന്ന വിഷയം ഉന്നയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ 'സാഹേബ്' വസതിയിലേക്ക് ഇഡിയെ വിട്ടു', എന്നായിരുന്നു ഭൂപേഷ് ഭാഗേല്‍ എക്‌സില്‍ കുറിച്ചത്.
സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടികാട്ടി ആദായ നികുതി വകുപ്പാണ് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അനില്‍ ടുതേജ, മദ്യ വ്യാപാരി അന്‍വര്‍ ദേബാര്‍, റായ്പൂര്‍ മേയറുടെ സഹോദരന്‍ എന്നിവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഒപ്പം നിരവധി രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെ വസതികളിലും റെയ്ഡും സംഘടിപ്പിച്ചിരുന്നു.