കേരളത്തിലെ റേഷന്‍ വിതരണ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കുന്നു.
2018 മുതല്‍ 14,000-ത്തിലധികം റേഷന്‍ കടകളില്‍ ഇലക്‌ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ-പോസ്) മെഷീനുകള്‍ വഴി വിതരണം മെച്ചപ്പെടുത്തി. ഇപ്പോള്‍, ഇ-പോസ് മെഷീനുകളെ ഇലക്‌ട്രോണിക് തൂക്കയന്ത്രങ്ങളുമായി (ഇ-ബാലന്‍സ്) ബന്ധിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അളവും തൂക്കവും കൃത്യമാക്കി, ഗുണഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി ഗുണഭോക്താക്കള്‍ക്ക് കൃത്യമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കും.
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റില്‍ ഇലക്‌ട്രോണിക് തൂക്കയന്ത്രങ്ങള്‍ വാങ്ങാന്‍ ഇ-ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു. തൂക്കയന്ത്രങ്ങളുടെ വിതരണം, ഇന്‍സ്റ്റലേഷന്‍, ഇ-പോസ് ഇന്റഗ്രേഷന്‍, വാറന്റി, എഎംസി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ടെണ്ടര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് എല്ലാ റേഷന്‍ കടകളിലും ഇ-പോസും ഇലക്‌ട്രോണിക് തൂക്കയന്ത്രവും ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പാക്കും.
ബ്ലൂടൂത്ത് അല്ലെങ്കില്‍ യുഎസ്ബി വഴി തൂക്കയന്ത്രത്തില്‍ നിന്ന് ഡാറ്റ ഓട്ടോമാറ്റിക്കായി ഇ-പോസിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന സംവിധാനമാണ് പരിഗണിക്കുന്നത്. കൃത്യമായ തൂക്കം ലഭിച്ചാല്‍ മാത്രം ബില്ലിംഗ് സാധ്യമാകുന്ന സോഫ്റ്റ്വെയര്‍ ക്രമീകരണവും നിലവില്‍ വരും. 2019ല്‍ തന്നെ തിരുവനന്തപുരം ജില്ലയിലെ 10 റേഷന്‍ കടകളില്‍ നടപ്പിലാക്കിയ പൈലറ്റ് പദ്ധതി വിജയമായിരുന്നു. പൊതുവിതരണ സംവിധാനത്തിന്റെ കാര്യക്ഷമതയിലും മികവിലും കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്. ഈ പദ്ധതിയും മറ്റു സംസ്ഥാനങ്ങള്‍ക്ക് മികച്ച മാതൃകയാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.












































































