ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് വാഷിങ്ടൺ സുന്ദറാണ് അനുയോജ്യനെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട്- ഇന്ത്യ സുന്ദർ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തിലാണ് ശാസ്ത്രിയുടെ പ്രതികരണം. ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ദീർഘകാല ഓൾറൗണ്ടറെന്ന നിലയിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ സുന്ദറിന് സാധിക്കുമെന്നും അതിനുള്ള എല്ലാ മികവും അദ്ദേഹത്തിനുണ്ടെന്നും ശാസ്ത്രി തുറന്നുപറഞ്ഞു.
എനിക്ക് വാഷിങ്ടൺ സുന്ദറിനെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പ്രകടനം ആദ്യമായി കണ്ടപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു ഇയാളാണ് ആ താരമെന്ന്. ഇന്ത്യയ്ക്ക് വേണ്ടി നിരവധി വർഷങ്ങളോളം അദ്ദേഹത്തിന് ഒരു വിശ്വസ്തനായ ഓൾറൗണ്ടറാകാൻ കഴിയും', ശാസ്ത്രി തുറന്നുപറഞ്ഞു.
റെഡ് ബോൾ ക്രിക്കറ്റിൽ വാഷിങ്ടൺ സുന്ദറിന് പരിമിതമായ അവസരങ്ങൾ മാത്രമാണ് ലഭിക്കുന്നതെന്ന് സമ്മതിച്ച ശാസ്ത്രി ഇത് മാറേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. 'അദ്ദേഹത്തിന് 25 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. അദ്ദേഹം കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് കളിക്കേണ്ടതായിരുന്നുവെന്ന് ഞാൻ കരുതുന്നു. ന്യൂസിലൻഡിനെതിരെ കണ്ടതുപോലെ, പന്ത് തിരിയുന്ന പിച്ചുകളിൽ അദ്ദേഹത്തിന് ഇന്ത്യയിൽ മാരകമാകാൻ കഴിയും. ചില മുതിർന്ന സ്പിന്നർമാരെ അദ്ദേഹം ഔട്ട് ബൗൾ ചെയ്തു. അദ്ദേഹം അത്രയും നന്നായി പന്തെറിഞ്ഞു, അദ്ദേഹത്തിന് ബാറ്റ് ചെയ്യാനും കഴിയും', ശാസ്ത്രി കുറിച്ചു
2024 ലെ ന്യൂസിലാൻഡിന്റെ ഇന്ത്യൻ പര്യടനത്തിൽ സുന്ദറിന്റെ മികച്ച പ്രകടനം അദ്ദേഹം എടുത്തുകാട്ടി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ സംയുക്ത മുൻനിര വിക്കറ്റ് വേട്ടക്കാരനായി മാറിയിരിക്കുകയാണ് സുന്ദർ.