ഡല്‍ഹി: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്നു പരിഗണിക്കും.
മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളുകയായിരുന്നു.
ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്ത് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. സ്വർണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ല്‍ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം.
അതേസമയം, കേസില് അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വിശദമായ വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റുകയായിരുന്നു. ഒക്ടോബർ 23ന് അറസ്റ്റിലായ വാസുവിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ ബുധനാഴ്ച എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കിയ ശ്രീകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.














































































