ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച കേസില്‍ കെഎസ്‍യു പ്രവർത്തകർക്ക് ജാമ്യമില്ല. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആണ് ജാമ്യാപേക്ഷ തള്ളിയത്. കണ്ണൂരിലെ പ്രതിഷേധത്തിനിടെയായിരുന്നു വീണാ ജോർജിന് കഴുത്തിന് പരിക്കേറ്റത്.
സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ സഞ്ചരിച്ച വാഹനവും മന്ത്രിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷൻ്റെ വാദം കോടതി അംഗീകരിച്ചു. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം.സി അതുല്‍, വി.വി അക്ഷയ്, ബിതുല്‍ ബാലൻ, സി.എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് പ്രതികള്‍. പ്രതികളെ അഞ്ചാം തീയതി കോടതിയില്‍ ഹാജരാക്കും.
വധശ്രമമടക്കം 11 വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. 'കൊല്ലെടാ' എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. മന്ത്രിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്.
അതേസമയം,കരിങ്കൊടി എങ്ങനെയാണ് ആയുധമാകുകയെന്നും പരമാവധി ദിവസം നേതാക്കളെ ജയിലില്‍ കിടത്തി വേട്ടയാടുക എന്നതാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന് കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസ് പ്രതികരിച്ചു. ആസൂത്രിതമായാണ് വധശ്രമം അടക്കം ചുമത്തിയിരിക്കുന്നത്. അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോകും. കെഎസ്‍യു നേതാക്കളെ ഇങ്ങനെ വേട്ടയാടാനാണ് സിപിഎമ്മും സര്‍ക്കാറും തീരുമാനിച്ചിരിക്കുന്നതെങ്കില്‍ പ്രതിഷേധം ഇനിയും കടുക്കുമെന്നും മന്ത്രി പുറത്തിറങ്ങി നടക്കണോ എന്നതുള്‍പ്പടെ കെഎസ്‍യു തീരുമാനിക്കുകയും ചെയ്യുമെന്നും ഷമ്മാസ് അറിയിച്ചു.












































































