തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക സംവിധാനങ്ങളെ മുഴുവൻ സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിൻ്റെ ഭാഗമായാണ് ഡാറ്റാ മോഷണമടക്കം നടന്നതെന്നും അദ്ദേഹം ഇടുക്കിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിൻ്റെ ഈ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനക്കാരുടെ ശമ്പളം നൽകുന്ന സ്‌പാർക്കിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യൽ മീഡിയ വിഭാഗമാണ് ഡാറ്റാ മോഷണം നടത്തിയിരിക്കുന്നതെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ പറഞ്ഞു. വിഷയത്തെ നിയമപരമായി നേരിടുമെന്നും ആദ്ദേഹം വ്യക്തമാക്കി.
നവകേരള സർവേയ്ക്ക് ഡിവൈഎഫ്ഐക്കാർ വൊളന്റിയർമാരാകണമെന്ന് പാർട്ടിയാണ് സർക്കുലർ ഇറക്കിയത്. ഇതിനുശേഷം ഇവർക്ക് പണംനൽകാൻ സർക്കാർ ഉത്തരവിട്ടു. നാട്ടുകാരുടെ നികുതിപ്പണം ഉപയോഗിച്ച് സർക്കാരിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഡിവൈഎഫ്ഐക്കാരെ കൊണ്ട് ചെയ്യിക്കാനുള്ള ശ്രമം കോടതി തടഞ്ഞു. ഇതിനുപുറമെ സർക്കാരിൻ്റെ നേട്ടങ്ങൾ ട്രൈബൽ കോളനികളിൽ പോയി വിവരിച്ചു കൊടുക്കണമെന്നാണ് പല ജില്ലകളിലേയും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇത്തരത്തിൽ ഔദ്യോഗിക സംവിധാനങ്ങളെ മുഴുവൻ ദുരുപയോഗം ചെയ്തുകൊണ്ട് വ്യാപകമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.














































































