കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ഷിംജിത മുസ്തഫ അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം യുവതിയെ സ്റ്റേഷനിലേക്ക് എത്തിക്കും. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്തി പരിശോധന നടത്തേണ്ടതായുമുണ്ട്. പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യഹർജി നാളെ കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു.
അറസ്റ്റിലായ സ്ഥിതിക്ക് പ്രതിയെ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം.
കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക്കാണ് ലൈംഗികാരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതും സമൂഹ മാധ്യമങ്ങളിലെ വിചാരണയും അതേ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷവും ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനും കോഴിക്കോട് സിറ്റി പൊലീസിനും നിരവധി പരാതികളാണ് ലഭിച്ചത്.














































































