റിയാദ്: വരുന്ന ഒക്ടോബർ മാസത്തിൽ എണ്ണ ഉല്പാദനത്തിൽ കൂടുതൽ വർദ്ധനവ് വരുത്താൻ എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ എട്ട് ഒപെക് + (OPEC+ countries) രാജ്യങ്ങൾ തീരുമാനിച്ചു. സ്ഥിരതയുള്ള ആഗോള സാമ്പത്തിക വീക്ഷണവും കുറഞ്ഞ എണ്ണ ശേഖരത്തിൽ പ്രതിഫലിക്കുന്ന നിലവിലെ ആരോഗ്യകരമായ വിപണി അടിസ്ഥാന കാര്യങ്ങളും കണക്കിലെടുത്ത് ഇന്നലെ നടന്ന ഒപെക് + രാജ്യങ്ങളുടെ വെർച്വൽ യോഗത്തിലാണ് പുതിയ തീരുമാനം. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, കസാക്കിസ്ഥാന്, അൽജീരിയ, ഒമാൻ എന്നീ എട്ട് രാജ്യങ്ങളുടെ പ്രതിനിധികളാണ് യോഗത്തിൽ സംബന്ധിച്ചത്. വിപണി സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും വിലയിരുത്തുന്നതും രാജ്യങ്ങൾ തുടരും.
എണ്ണ ഉല്പ്പാദനം പരമാവധി വേഗത്തിൽ വർധിപ്പിക്കാനുള്ള സൗദിയുടെ ആവശ്യം യോഗം അംഗീകരിക്കുകയായിരുന്നു. 2022 മുതൽ എണ്ണ വില സ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഒപെക് രാജ്യങ്ങൾ എണ്ണ ഉല്പ്പാദനം കുറച്ചിരുന്നു. എന്നാല് ഈ വർഷം ഏപ്രിൽ മുതൽ 22 ലക്ഷം ബാരലിന്റെ കുറവ് സാവകാശമായി പുനഃസ്ഥാപിച്ചു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തില് 5.48 ലക്ഷം ബാരൽ പ്രതിദിനം വർധിപ്പിക്കുക കൂടി ചെയ്തതോടെ മുമ്പ് നിശ്ചയിച്ച 4.11 ലക്ഷം ബാരലിനെ (bpd) മറികടക്കുകയും ചെയ്തു. ഇതിന് പുറമെ 16.6 ലക്ഷം ബാരലിന്റെ ശേഷിക്കുന്ന കുറവ് ഈ വർഷം തന്നെ ഉല്പാദിപ്പിക്കുകയാണ് ഒപെകിന്റെ ലക്ഷ്യമെന്ന് ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്തു.
വിപണി വിഹിതം തിരിച്ചുപിടിക്കുകയാണ് ഇത്തരത്തിലൊരു തീരുമാനത്തിലൂടെ സൗദി ശ്രമിക്കുന്നത്. യുഎസ് ഷെയ്ല് എണ്ണ ഉല്പ്പാദകരാണ് ഈ രംഗത്ത് സൗദി അറേബ്യയുടെ പ്രധാന എതിരാളി. വിതരണം കൂട്ടുന്നതോടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുറയും. അപ്പോൾ യുഎസ് കമ്പനികൾ പിടിച്ചുനിൽക്കാൻ പാട് പെടുന്ന സാഹചര്യം സംജാതമാകും. പക്ഷേ അപ്പോഴും കുറഞ്ഞ വിലയിലും ലാഭകരമായ ഉല്പ്പാദനം നടത്താൻ തങ്ങൾക്ക് സാധിക്കുമെന്നുമാണ് സൗദിയുടെ കണക്കുകൂട്ടൽ.
ലോകത്തിലെ എണ്ണയുടെ പകുതിയോളം പമ്പ് ചെയ്യുന്ന ഒപെക് രാജ്യങ്ങളുടെ കഴിഞ്ഞമാസത്തെ യോഗത്തിl ആണ് ഉല്പാദനം 54.8 ലക്ഷം ബാരൽ വർദ്ധിപ്പിച്ചത്. രാജ്യങ്ങളൾക്ക് അവരുടെ നഷ്ടപരിഹാരം ത്വരിതപ്പെടുത്തുന്നതിന് ഈ നടപടി അവസരം നല്കുമെന്നും ഒപെക് രാജ്യങ്ങൾ അഭിപ്രായപ്പെട്ടു. 2024 ജനുവരി മുതൽ അമിതമായി ഉല്പാദിപ്പിക്കുന്ന ഏതെങ്കിലും അളവിന് പൂർണ്ണമായി നഷ്ടപരിഹാരം നല്കാനുള്ള പദ്ധതിയും ഒപെക് രാജ്യങ്ങൾ സ്ഥിരീകരിച്ചു. വിപണി സാഹചര്യങ്ങൾ, അനുരൂപത, നഷ്ടപരിഹാരം എന്നിവ അവലോകനം ചെയ്യുന്നതിനായി ഒപെക് രാജ്യങ്ങൾ പ്രതിമാസവും യോഗംചേരാറുണ്ട്. അടുത്ത യോഗം ഒക്ടോബര് 5 ന് നടക്കും.