ആലപ്പുഴ: സ്ത്രീകളുടെ തിരോധാനക്കേസില്‍ സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്നുലഭിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ ജെയ്നമ്മയുടേതല്ലെന്ന് പ്രാഥമിക നിഗമനം.
2005 മുതല്‍ സംസ്ഥാനത്ത് കാണാതായ സ്ത്രീകളെ കുറിച്ചുള്ള വിവരങ്ങള്‍ സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോയില്‍നിന്ന് പൊലീസ് ശേഖരിച്ചു. ഇരകളെ തെരഞ്ഞെടുക്കാന്‍ സെബാസ്റ്റ്യന്‍ മറയാക്കിയിരുന്നത് വസ്തുവ്യാപാരവും ആരാധനാലയങ്ങളുമായിരുന്നുവെന്നാണ് വിലയിരുത്തുന്നത്. കുടുംബവുമായി അകന്ന് കഴിഞ്ഞവരാണ് കാണാതായവരില്‍ പലരും. ഇത്തരം പശ്ചാത്തലങ്ങളുള്ള സ്ത്രീകളുടെ വിവരങ്ങളാകും പരിശോധിക്കുക. ജെയ്‌നമ്മ കേസില്‍ ഇതിനകം 24 പേരെയാണ് കോട്ടയം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യംചെയ്തത്. ശാസ്ത്രീയ തെളിവുകള്‍ അന്വേഷകസംഘം ശേഖരിച്ചു. ജെയ്‌നമ്മയുടെ തിരോധാനശേഷം അവരുടെ മൊബൈല്‍ഫോണ്‍ സെബാസ്റ്റിയന്‍ ഉപയോഗിച്ചതാണ് നിര്‍ണായക തെളിവ്. ഇൗരാറ്റുപേട്ടയിലെ സ്ഥാപനത്തിലെത്തി ജെയ്‌നമ്മയുടെ നമ്പരിൽ ഫോണ്‍ റീചാര്‍ജ് ചെയ്തത് അന്വേഷകസംഘം കണ്ടെത്തി. അവിടത്തെ സിസിടിവി ദൃശ്യവും ശേഖരിച്ചു. സെബാസ്റ്റിയന്റെ പള്ളിപ്പുറത്തെ ചങ്ങത്തറ വീട് പൊലീസ് കാവലിലാണ്. പരിശോധന ഇവിടെ തുടരും.
സെബാസ്റ്റ്യന്റെ ജീവിതവും വീടുമെല്ലാം അടിമുടി ദുരൂഹത നിറഞ്ഞതാണ്. ബ്രോക്കര്‍ ജോലിയും സ്ഥിരം യാത്രകളും ലോഡ്ജുകളില്‍ താമസവും പതിവാക്കിയ ആളാണ് സെബാസ്റ്റ്യന്‍. ദിവസങ്ങള്‍ കൂടുമ്പോഴാണ് വീട്ടിലെത്താറുള്ളത്. വീടിനോടു ചേര്‍ന്ന രണ്ടരയേക്കര്‍ സ്ഥലത്ത് ഇയാള്‍ കൃഷി ചെയ്തിരുന്നില്ല. ഈ പറമ്ബിലെ കുളങ്ങളില്‍ മാംസം തിന്നുന്ന പിരാന, ആഫ്രിക്കന്‍ മുഷി തുടങ്ങിയ മീനുകളെ ഇയാള്‍ വളര്‍ത്തിയിരുന്നു. നാട്ടിലെ അമ്മാവന്‍ എന്നാണ് ഇയാള്‍ അറിയപ്പെട്ടത്. സെബാസ്റ്റ്യന്റെ സാമ്പത്തീക ഇടപാടുകളെ പറ്റിയും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിനിടെ ജില്ലയുടെ വടക്കന്‍ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപയും സെബാസ്റ്റ്യന്‍ പിന്‍വലിച്ചിരുന്നു. ഈ പണത്തിന്റെ ഉറവിടം, പിന്‍വലിച്ചത് എന്തിനു വേണ്ടിയാണ് തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.
കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍ (52), വാരനാട് സ്വദേശി റിട്ട.ഗവ ഉദ്യോഗസ്ഥ ഐഷ (57) എന്നിവരെ വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ടാണു സെബാസ്റ്റ്യന്‍ പരിചയപ്പെട്ടത്. ബിന്ദുവിന്റെ എറണാകുളം ഇടപ്പള്ളിയിലുള്ള ഭൂമി തന്റെ പേരില്‍ വ്യാജ മുക്ത്യാര്‍ തയാറാക്കി 1.3 കോടി രൂപയ്ക്കു സെബാസ്റ്റ്യന്‍ വില്‍പന നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബിന്ദുവിന്റെ പേരിലുള്ള മറ്റു വസ്തുക്കള്‍ വിറ്റ വകയിലും സെബാസ്റ്റ്യനു പണം ലഭിച്ചിട്ടുണ്ട്. ഐഷയെ കാണതാകുമ്പോൾ ഭൂമി വാങ്ങാനുള്ള പണവും സ്വര്‍ണാഭരണങ്ങളും കൈവശമുണ്ടായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഏറ്റവും ഒടുവില്‍ കാണാതായ ഏറ്റുമാനൂര്‍ അതിരമ്പുഴ കോട്ടമുറി കാക്കനാട്ടുകാലായില്‍ ജെയ്‌നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ സെബാസ്റ്റ്യന്‍ വില്‍പന നടത്തിയെന്നും കണ്ടെത്തി. കാണാതായ സ്ത്രീകളില്‍ നിന്ന് ഇയാള്‍ എത്രമാത്രം സമ്പാദ്യം കവര്‍ന്നിട്ടുണ്ട് എന്തു കണ്ടെത്താനാണു സാമ്പത്തീക ഇടപാടുകള്‍ പരിശോധിക്കുന്നത്. തന്റെ കയ്യില്‍ 150 പവന്‍ സ്വര്‍ണമുണ്ടെന്നു സെബാസ്റ്റ്യന്‍ അവകാശപ്പെട്ടിരുന്നു.
സെബാസ്റ്റ്യന്റെ സുഹൃത്തും സ്ഥലക്കച്ചവടക്കാരനുമായ കഞ്ഞിക്കുഴി എസ്‌എല്‍ പുരം സ്വദേശിയെ കോട്ടയം ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 2024 മേയ് 11നു കണിച്ചുകുളങ്ങരയില്‍ യുവ വ്യവസായിയെ കാര്‍ തടഞ്ഞു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ദേശീയ പാത നിര്‍മാണത്തിനാവശ്യമായ കല്ലും മണലും വിതരണം ചെയ്ത 2 കരാറുകാര്‍ തമ്മില്‍ ലാഭവിഹിതം പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു അന്നത്തെ ഭീഷണിക്കു കാരണം. ഇതില്‍ ഒരു കരാറുകാരന് സെബാസ്റ്റ്യന്റെ സുഹൃത്തായ എസ്‌എല്‍ പുരം സ്വദേശി 45 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന്റെ സ്രോതസ്സും പരിശോധിക്കും.