സംസ്ഥാനത്തെ വിഴുങ്ങിയ പ്രളയം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നും ഈ സാഹചര്യത്തില്‍ ഇടത് സര്‍ക്കാരിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട സര്‍ക്കാര്‍ തന്നെ അവരുടെ ഘാതകരായെന്ന ആരോപണം പൂര്‍ണ്ണമായും ശരി വയ്ക്കുന്നതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഗുരുതര വീഴച്ചയുണ്ടായതിനാല് വിശദമായ ജുഡിഷ്യല്‍ അന്വേഷണമാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയോട് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ എന്ത് അര്‍ഹതയാണ് എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളതെന്നും സര്‍ക്കാരിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.