കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക പുരോഗതിയുമായി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു. ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയായിരുന്നു അന്വേഷണ സംഘം വിശദമായ ചോദ്യം ചെയ്യല്‍ നടത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധത്തെക്കുറിച്ചാണ് അന്വേഷണ സംഘം പ്രധാനമായും അന്വേഷിച്ചത്.
ശബരിമലയുമായി ബന്ധപ്പെട്ടാണ് ഇരുവരുടെയും പരിചയം ആരംഭിച്ചതെന്ന് ജയറാം മൊഴി നല്‍കിയതായി വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി പലവട്ടം തന്റെ വീട്ടിലെത്തിയിട്ടുണ്ടെന്നും, വിവിധ അവസരങ്ങളില്‍ പൂജകള്‍ നടത്തിയിട്ടുണ്ടെന്നും ജയറാം അന്വേഷണ സംഘത്തെ അറിയിച്ചു. എന്നാല്‍ സ്വര്‍ണക്കൊള്ള കേസുമായി തനിക്ക് യാതൊരു അറിവുമില്ലെന്നും, പോറ്റിയുമായി സാമ്പത്തിക ഇടപാടുകളൊന്നും ഉണ്ടായിട്ടില്ലെന്നും ജയറാം വ്യക്തമാക്കി. വീട്ടിലെത്തി പൂജ നടത്തണമെന്ന് ആവശ്യപ്പെട്ടത് പോറ്റി തന്നെയായിരുന്നുവെന്നും ജയറാം പറഞ്ഞു. മൊഴി വിലയിരുത്തിയ ശേഷം വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യത അന്വേഷണ സംഘം തുറന്നുവെച്ചിട്ടുണ്ട്.
ഇതിനിടെ ദേവസ്വം ബോര്‍ഡ് നല്‍കിയ ഔദ്യോഗിക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ പതിനാല് സ്വര്‍ണപ്പാളികളാണ് ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 2019 ലായിരുന്നു ഈ സംഭവം. ചെന്നൈയില്‍ സ്വര്‍ണം പൂശിയതിന് ശേഷം പാളികള്‍ ജയറാമിന്റെ വസതിയില്‍ കൊണ്ടുവന്ന് പ്രത്യേക പൂജകള്‍ നടത്തി. ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിന്റെ ആകൃതിയിലായിരുന്നു ഇവ രൂപപ്പെടുത്തിയിരുന്നത്. ചടങ്ങില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാര്യയും മകനും പങ്കെടുത്തിരുന്നു.













































































