കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ വൻ സ്ഫോടക വസ്തു ശേഖരം പൊലീസ് പിടികൂടി. എടക്കാട് പൊലീസ് നടത്തിയ പരിശോധനയിൽ ചെമ്പിലോട് തന്നട മേപ്പൊയിൽ ഭാഗത്ത് നിന്നാണ് ഉഗ്രശേഷിയുള്ള ഗുണ്ടുകളും ബോംബുകളും കണ്ടെത്തിയത്.
സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി വി.പി അബ്ദുല്‍ റഷീദ്യുടെ വീടിന് സമീപപ്രദേശത്തുനിന്നാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതയാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
സംഭവം ഗൗരവകരമാണെന്നും പ്രവർത്തകരുടെയും കുടുംബത്തിന്റെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും വി.പി. അബ്ദുല്‍ റഷീദ് പ്രതികരിച്ചു. സ്വന്തം വീടിന് തൊട്ടടുത്തുള്ള സ്ഥലത്തുനിന്നാണ് ബോംബുകൾ കണ്ടെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാന കവലകളിൽ സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.












































































