തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് തിരുവനന്തപുരത്തെ ആത്മീയ കൂട്ടായ്മ. വി എസിന്റെ വിയോഗം വേദനാജനകമാണെന്ന് ശാന്തിഗിരി മഠാധിപതി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ അവകാശസമരപോരാട്ടങ്ങളിൽ വി എസ് എന്നും മുൻപന്തിയിലായിരുന്നു. കേരളത്തിന്റെ ചരിത്രം വിഎസിനെ മാറ്റിവെച്ചുകൊണ്ട് ഒരിക്കലും എഴുതാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുപോരാളിയെന്ന വിശേഷണം വിഎസിന് നൽകാമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി പറഞ്ഞു. വി എസ് ഈ ജീവിതം അടയാളപ്പെടുത്തുന്നത് പോരാട്ടത്തിലൂടെയെന്നും പാളയം ഇമാം കൂട്ടിച്ചേർത്തു.
വിഎസ് എന്ന രണ്ടക്ഷരം സമരപോരാട്ടത്തിന്റെ ചരിത്രമാണെന്ന് ബിലീവേഴ്സ് ചർച്ചിന്റെ തിരുവനന്തപുരം രൂപത മേധാവി മാത്യൂസ് മോർ സൽവാനോസ് എപ്പിസ്കോപ്പ പറഞ്ഞു. മതസൗഹാർദത്തിന്റെ പ്രതീകമാണ് വിഎസെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വി എസ് അച്യുതാനന്ദൻ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വി എസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസിന്. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി എസ് അച്യുതാനന്ദൻ.