ആലപ്പുഴ: സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമായി പടരുന്നതായി സംസ്ഥാന മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഈ സാഹചര്യത്തില്‍ രണ്ട് ലക്ഷത്തിലധികം പക്ഷികളെ കൊന്നൊടുക്കി. കേന്ദ്ര മൃഗസംരക്ഷണ ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യനുമായി കൃഷി ഭവനില്‍ വച്ചുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ഫണ്ട് 2016 മുതല്‍ മുടങ്ങിയവസ്ഥയാണെന്നും കേന്ദ്രത്തില്‍ നിന്ന് 6 കോടി 63 ലക്ഷം ലഭിക്കാനുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. ഈ തുക ലഭ്യമാക്കുമെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ് മന്ത്രി ഉറപ്പു നല്‍കിയതായും ജെ ചിഞ്ചുറാണി പറഞ്ഞു.
അതേസമയം പാലോട് ലാബ് ബിഎസ് L3 നിലവാരത്തിലേക്ക് ഉയര്‍ത്താമെന്ന മന്ത്രിയുടെ ഉറപ്പു കിട്ടി. 50000 പശുക്കളുടെ ഇന്‍ഷുറന്‍സിനായി 12 കോടി തുക ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷീരമേഖലയിലെ കേന്ദ്രത്തിന്റെ പദ്ധതികള്‍ അനുവദിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.