പാകിസ്ഥാൻ സൈന്യത്തിന് മേല്‍ ഇന്ത്യൻ സേന നടത്തിയ ആധികാരിക വിജയമായിരുന്നു കാർഗില്‍. 1999 മെയ് മൂന്നിന് ഒരാട്ടിടയൻ ബൈനോക്കുലറിലൂടെ കണ്ട ദൃശ്യങ്ങള്‍ മാസങ്ങള്‍ നീണ്ട സൈനിക നടപടിയിലേക്ക് വഴിവെക്കുന്നതായിരുന്നു.
കാർഗില്‍ ഉള്‍പ്പെട്ട ഇന്ത്യയുടെ തന്ത്രപ്രധാനമായ ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കാനായിരുന്നു പാക് സൈനിക മേധാവി പർവേശ് മുഷറഫ് നുഴഞ്ഞുകയറ്റക്കാർക്ക് നല്‍കിയ നിർദേശം. തണുപ്പുകാലത്ത് നുഴഞ്ഞുകയറ്റമുണ്ടാകില്ലെന്ന മുൻ ധാരണയില്‍ പെട്രോളിങ്ങിലും വീഴ്ചയുണ്ടായതോടെ കാർഗില്‍ മലനിരകളില്‍ ശത്രുക്കള്‍ താവളമുറപ്പിച്ചു.
രണ്ടുമാസം നീണ്ട ചെറുത്തുനില്‍പ്പിനും പോരാട്ടത്തിനുമൊടുവില്‍ ജൂലൈ 26ന് ഇന്ത്യൻ സൈന്യം കാർഗില്‍ മലനിരയുടെ ഒത്ത നടുക്ക് വിജയക്കൊടി പാറിച്ചു. രാജ്യത്തിനുവേണ്ടി അന്ന് വീരമൃത്യു വരിച്ചത് 527 സൈനികർ. കാർഗില്‍ വിജയദിവസത്തിന്റെ 26 ആം വർഷത്തിലും അതിർത്തി മേഖലകള്‍ ശാന്തമല്ലെന്നതാണ് യാഥാർത്ഥ്യം.