തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. മന്ത്രി ആശുപത്രിയിലെത്തി കണ്ടിരുന്നുവെന്നും അസുഖ വിവരങ്ങളെ കുറിച്ച് ചോദിച്ചെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടും പ്രിന്‍സിപ്പലും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 'വിഷയം സംഘടന ഏറ്റെടുത്തിട്ടുണ്ട്. പരിശോധന നടത്തിയവര്‍ക്ക് നെഫ്രോസ്‌കോപ്പും മോസിലോസ്‌കോപ്പും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകും. സത്യം പറഞ്ഞാല്‍ എനിക്കും ഡെലിവറി ചെലാന്‍ ഏതാണ്, ബില്ല് ഏതാണെന്ന് അറിയില്ല. പ്രിന്‍സിപ്പലിനെ കുറ്റം പറയാനില്ല. അസ്വാഭാവികത ഒന്നുമില്ല. ആര്‍ക്കുവേണമെങ്കിലും എന്റെ മുറിയില്‍ കയറാവുന്നതാണ്. മുറിയില്‍ ഒരു രഹസ്യവുമില്ല', ഹാരിസ് പറഞ്ഞു.
സര്‍ക്കാരിനെ കുറ്റം പറയാന്‍ താല്‍പര്യമില്ലെന്ന് ഹാരിസ് കൂട്ടിച്ചേര്‍ത്തു. വിശ്വാസം ഉണ്ടെങ്കില്‍ തന്നെ സംരക്ഷിക്കട്ടെയെന്നും ഹാരിസ് പറഞ്ഞു. അന്വേഷണ സമിതിയെ അവിശ്വസിക്കുന്നില്ല. അന്വേഷണം നടക്കട്ടെയെന്നും താന്‍ തുറന്ന പുസ്തകമാണെന്നും പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് ലഭിച്ചെന്നും ഹാരിസ് പറഞ്ഞു. ഇനി കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.