പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്ന പൊലീസ് അതിക്രമത്തില്‍ ദുരൂഹതയെന്ന് വെളിപ്പെടുത്തി റൂറല്‍ എസ്.പി. കെ ഇ ബൈജു. സംഭവത്തില്‍ പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ കണ്ടെത്താന്‍ വിശദ അന്വേഷണം നടക്കുകയാണെന്നും എസ്.പി. അറിയിച്ചു.
യു.ഡി.എഫ്. പ്രതിഷേധ പ്രകടനത്തിനിടെയാണ് എം.പിക്കെതിരെ അതിക്രമം ഉണ്ടായത്. എം.പിയെ പിന്നില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചു എന്നാണ് ആരോപണം. ഈ ആക്രമണത്തില്‍ ഷാഫി പറമ്പിലിന്റെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കി.
സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി കണ്ണീര്‍ വാതക പ്രയോഗം മാത്രമാണ് ഉണ്ടായതെന്നും, ലാത്തി ചാര്‍ജ് നടന്നിട്ടില്ലെന്നുമാണ് എസ്.പി. ബൈജുവിന്റെ ഔദ്യോഗിക വാദം. എന്നാല്‍ എം.പിയെ പിന്നില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചു എന്ന എസ്.പി.യുടെ തന്നെ പരാമര്‍ശം ലാത്തി ചാര്‍ജ് നടന്നിട്ടില്ലെന്ന വാദത്തിന് വിരുദ്ധമായിട്ടുണ്ട്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഈ വാദത്തെ പൊളിച്ചിരുന്നു. പൊലീസ് ലാത്തി ഉപയോഗിച്ച് എം.പിയെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.