ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നടന്ന അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായെന്നത് വ്യാജ പ്രചാരണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി.
ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും പ്രതിക്കൂട്ടിലാക്കാന്‍ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമം എന്ന് സിപിഐഎം വിമര്‍ശിച്ചു.
ആചാരപ്രകാരം 11. 20 ന് ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം 11.45 നാണ് മന്ത്രിയും വിശിഷ്ടാതിഥികളും സദ്യയുണ്ണാനിരുന്നതെന്നും സംഘപരിവാര്‍ മാധ്യമങ്ങളാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നതെന്നും സിപിഐഎം പറഞ്ഞു.
ഭഗവാന്റെ പേരില്‍ കള്ളം പറഞ്ഞാല്‍ ഭഗവാന്‍ പൊറുക്കില്ലെന്ന് ഓര്‍ത്താല്‍ നന്നെന്നും ജില്ലാ കമ്മിറ്റി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം നടന്നതായി ചൂണ്ടിക്കാണിച്ച് ദേവസ്വം ബോര്‍ഡിന് തന്ത്രി കത്ത് നല്‍കിയിരുന്നു. പിന്നാലെയാണ് വിശദീകരണം.വള്ളസദ്യ ആചാരമനുസരിച്ച് ദേവനു നേദിക്കുന്നതിനു മുന്‍പ് മന്ത്രിക്കു വിളമ്പിയെന്നായിരുന്നു പരാതി.
ഇതുശരിവെക്കുന്ന കത്താണ് തന്ത്രി ദേവസ്വം ബോര്‍ഡിന് നല്‍കിയത്. അന്വേഷണത്തില്‍ ആചാരലംഘനം നടന്നതായി വ്യക്തമായെന്നും ശുദ്ധിക്രിയകള്‍ നടത്തണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നു.
മന്ത്രി വി.എന്‍ വാസവനായിരുന്നു വള്ളസദ്യ ഉദ്ഘാടനം ചെയ്തത്.
എന്നാല്‍, വിഷയത്തില്‍ തന്ത്രി തന്നെ വിശദീകരണം നല്‍കട്ടെ എന്നായിരുന്നു മന്ത്രി വി.എന്‍ വാസവന്‍ പ്രതികരിച്ചത്.












































































