പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപത് മാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ തൃത്താല പോലീസ് കേസെടുത്തു. തൃത്താല മേഴത്തൂർ സ്വദേശിനി നൗഷിജ (29) ആണ് മരിച്ചത്. ഫെബ്രുവരി 16-നാണ് നൗഷിജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സവും ബ്ലീഡിങ്ങും ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാവിലെ പത്തരയോടെ നൗഷിജയെ ശ്വാസ തടസ്സവും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് വാണിയംകുളം പികെ ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പികെ ദാസ് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോൾ യുവതി മരിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മതിയായ ചികിത്സ ലഭിച്ചില്ലെന്നും ചികിത്സാ രേഖകൾ നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും ആരോപിച്ച് നൗഷിജയുടെ സഹോദരൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. നിലവിൽ തൃശൂർ മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.












































































