ബര്‍ലിന്‍: ജര്‍മനിയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ 3 പേര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റു. ജര്‍മനിയുടെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ ബാഡന്‍ വ്രെറ്റംബര്‍ഗില്‍ ഞായറാഴ്ച്ചയായിരുന്നു അപകടം നടന്നത്. വൈകുന്നേരം 6.10 ഓടെ ഫ്രഞ്ച് അതിര്‍ത്തിയായ ബിബെറാച്ച് ജില്ലയില്‍വെച്ചാണ് ട്രെയിന്‍ പാളം തെറ്റിയത്.
സിഗ്മറിംഗനില്‍ നിന്ന് ഉല്‍മിലേക്ക് പോകുന്നതിനിടെയാണ് റീജിയണല്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയത്. രണ്ട് ബോഗികളാണ് പാളം തെറ്റിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നൂറിലധികം പേര്‍ ആ സമയം ട്രെയിനിലുണ്ടായിരുന്നു. അപകടമുണ്ടായ ഉടനെ അഗ്നിരക്ഷാ സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. പാളം തെറ്റിയ ട്രെയിനിന്റെ ബോഗികള്‍ ട്രാക്കിന് പുറത്ത് കാട്ടിലേക്ക് തെറിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലാണോ ട്രെയിന്‍ അപകടത്തിന് കാരണമെന്ന് അധികൃതര്‍ അന്വേഷിച്ചുവരികയാണ്.