ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കമ്മീഷൻ ഉണർന്നിരുന്നപ്പോഴാണ് വോട്ട് മോഷണം നടന്നത് എന്നാണ് രാഹുൽ എക്‌സിൽ പങ്കുവെച്ചത്.
'പുലർച്ചെ നാല് മണിക്ക് എഴുന്നേൽക്കുക, 36 സെക്കന്റിനുള്ളിൽ രണ്ട് വോട്ടർമാരെ ഒഴിവാക്കുക. പിന്നീട് വീണ്ടും ഉറങ്ങാൻ പോകുക. ഇങ്ങനെയാണ് വോട്ട് മോഷണം നടന്നത്. മോഷണം നിരീക്ഷിച്ച് കള്ളന്മാരെ സംരക്ഷിച്ച് തെരഞ്ഞെടുപ്പ് കാവൽക്കാരൻ ഉണർന്ന് ഇരുന്നിരുന്നു' എന്നാണ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ രൂക്ഷമായി വിമർശിക്കുന്നതാണ് രാഹുലിന്റെ പ്രതികരണം. കഴിഞ്ഞദിവസം വോട്ട് ചോരിയിൽ ഉന്നയിച്ച ആരോപണങ്ങളെ ആവർത്തിച്ചാണ് രാഹുൽ വീണ്ടും രംഗത്ത് വന്നത്.
ഇന്നലെയായിരുന്നു വോട്ട് ചോരിയിൽ രാഹുലിന്‍റെ രണ്ടാമത്തെ വാർത്താസമ്മേളനം. താന്‍ പറഞ്ഞ ഹൈഡ്രജന്‍ ബോംബ് അല്ല ഇതെന്ന് പറഞ്ഞായിരുന്നു രാഹുൽ വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വോട്ടര്‍ പട്ടികയില്‍ നിന്ന് ചില വിഭാഗങ്ങളുടെ പേര് വെട്ടുന്നതിനായി ദശലക്ഷകണക്കിന് ആളുകളെ വ്യവസ്ഥാപിതമായി ലക്ഷ്യം വെയ്ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വോട്ട് കൊള്ളയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ചില വിഭാഗങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ തെളിവുകളുണ്ട്. 100 ശതമാനം ഉറപ്പ് ഉള്ളത് മാത്രമാണ് പറയുന്നത്. കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് എതിരായി താന്‍ ഒന്നും പറയുന്നില്ലെന്നും തെളിവുകളാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഭരണഘടനാ സ്ഥാപനത്തിന് എതിരായ തുടര്‍ച്ചയായ ആരോപണം തിരിച്ചടിയാകുമോ എന്നതാണ് ആശങ്ക. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണത്തില്‍ രാഹുല്‍ ഗാന്ധി കോടതിയെ സമീപിക്കാത്തതിലും അവ്യക്തത തുടരുകയാണ്. പ്രതിഷേധങ്ങള്‍ എത്തരത്തിലാണ് മുന്നോട്ട് പോവുക എന്ന കാര്യത്തിലും വിഭാഗത്തിന് ആശങ്കയുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.