ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെ അടിമുടി മാറാന്‍ പോകുന്നു. ഹൃസ്വദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതല്‍ വന്ദേ മെട്രോയും മെമു ട്രെയിനുകളും ഇറക്കാന്‍ റെയില്‍വെയുടെ പദ്ധതി. അടുത്തുള്ള നഗരങ്ങളെ ബന്ധിപ്പിച്ചാണ് വന്ദേ മെട്രോ സര്‍വീസ് നടത്തുക. വന്ദേ മെട്രോയുടെ പേര് പിന്നീട് നമോ ഭാരത് എന്നാക്കി മാറ്റിയിരുന്നു. 50 നമോ ഭാരത് ട്രെയിനുകള്‍ നിര്‍മിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു.
50 നമോ ഭാരത് ട്രെയിനുകളും 100 മെമു ട്രെയിനുകളുമാണ് പുറത്തിറക്കുക. ഇവയ്ക്ക് 16 മുതല്‍ 20 വരെ കോച്ചുകളുണ്ടാകും. ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ ആഡംബരവും ആശ്വാസകരവുമായ യാത്ര സമ്മാനിക്കുന്നതിനാണ് ഈ സര്‍വീസ് തുടങ്ങുന്നത്. വന്ദേഭാരത് എക്സ്പ്രസുകള്‍ക്ക് സമാനമാണ് വന്ദേ മെട്രോ. എന്നാല്‍ ചില മാറ്റങ്ങളുണ്ട്.
വന്ദേ മെട്രോ ട്രെയിനുകള്‍ പൂര്‍ണമായും ശീതീകരിച്ചതായിരിക്കും. വന്ദേഭാരത് എക്സ്പ്രസിന് ശേഷം റെയില്‍വെ ഇറക്കിയതാണ് വന്ദേ മെട്രോ, ഇതിന് ശേഷമാണ് ഇനി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ വരാന്‍ പോകുന്നത്. വന്ദേ മെട്രോ അടുത്തുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്നതും വന്ദേഭാരത് അകലെയുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്നതുമായ സര്‍വീസ് ആണ് നടത്തുന്നത്.
എന്നാല്‍ വന്ദേഭാരത് സ്ലീപ്പര്‍ രാത്രി യാത്ര കൂടി സാധ്യമാക്കും. കിടന്ന് യാത്ര ചെയ്യാനുള്ള സൗകര്യവും ഇതില്‍ ഉണ്ടാകും. ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അടുത്ത മാസം സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം. 2026 മാര്‍ച്ച് 31നകം 30 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇറക്കുമെന്നാണ് റെയില്‍വെ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.