കോട്ടയം നഗരത്തില്‍ നിന്നും 16 കിലോമീറ്ററുകള്‍ അകലെയാണ് കേരളത്തിന്റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകം സ്ഥിതി ചെയ്യുന്നത്. കേരളത്തില ഏറ്റവും വലിയ കായലായ വേമ്പനാടു കായലാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അതിമനോഹരമായ പ്രദേശമാണ് കുമരകം. ഈ മണ്ണില്‍ ധാരാളം ചരിത്രം ഉറങ്ങിക്കിടക്കുന്നു. രാജഭരണം നിലനിന്നിരുന്നകാലത്ത് തെക്കന്‍കൂര്‍ രാജാക്കമ്മാരുടെ പരിധിയില്‍ നിലകൊണ്ടിരുന്ന പ്രദേശമാണ്. നാട്ടുരാജാക്കമ്മാരുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന കാലത്ത് ചുണ്ടന്‍ വള്ളവും വെപ്പുവള്ളവുമാണ് ഉപയോഗിച്ചിരുന്നത്. ആ കാലഘട്ടത്ത് വേമ്പനാടന്‍ പ്രദേശം ഭീതി ജനകമായിരുന്നു.

ഭൂപ്രകൃതി
വൈവിധ്യമാര്‍ന്ന സസ്യജാലങ്ങളും മൃഗങ്ങളും ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് കുമരകം. കായലാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ പ്രധാന സവിശേഷതയാണ് പക്ഷിസങ്കേതം. ധാരാളം ദേശാടനപക്ഷികള്‍ വര്‍ഷാ വര്‍ഷങ്ങളില്‍ ഇവിടെ എത്തിച്ചേരുന്നു. 14 ഏക്കറുകളുള്ള ഈ പക്ഷിസങ്കേതം ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തിലാണ്. ഈ പക്ഷിസങ്കേതം തന്നെയാണ് വിദേശസഞ്ചാരികളുടെ പ്രധാന ആകര്‍ഷണം. ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് വിവിധങ്ങളായ കായല്‍മത്സ്യ സമ്പത്ത്. കരിമീന്‍, ചെമ്മീന്‍, കൊഞ്ച് എന്നിങ്ങനെ വിവിധങ്ങളായ മത്സ്യസമ്പത്ത് ഇവിടെ കാണാന്‍ സാധിക്കും.

സാമ്പത്തികം
മത്സ്യബന്ധനം, കൃഷി, ടൂറിസം എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന വരുമാനമാര്‍ഗ്ഗം. കൃഷിക്കേറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് കുമരകത്തിന്റേത്. കണ്ടല്‍ക്കാടുകള്‍, വയലുകള്‍, തെങ്ങുകള്‍ എന്നിവയാല്‍ വിസ്തൃതമായ പ്രദേശമാണിത്. പഴവര്‍ഗ്ഗങ്ങളായ ഏത്തക്കയ, മാങ്ങ, ചക്ക, അമ്പഴങ്ങ, പുളി, ചാമ്പങ്ങ, പേരയ്ക്ക, ആത്തക്കായ, കൈതച്ച എന്നിവയും ധാരാളമായുള്ള പ്രദേശമാണിത്. തെങ്ങുംതോപ്പുകളില്‍ ഇടവിളയായി കൊക്കോ, കാപ്പി, ചേന, ചേമ്പ് എന്നിവയും കൃഷി ചെയ്തുവരുന്നു. കാര്‍ഷികസമൃദ്ധമായ ഈ പ്രദേശത്തേക്ക് കാര്‍ഷിക ആവശ്യത്തിനായുള്ള ജലസേചനത്തിന് മീനച്ചിലാറിനെ ആശ്രയിച്ചുവരുന്നു. വിവിധങ്ങളായ ചെമ്പരത്തിപ്പൂക്കളാല്‍ മനോഹരമാണിവിടം. നാനാവിധ മതങ്ങളില്‍പ്പെട്ട ജനങ്ങള്‍ ഇവിടെ വസിച്ചു വരുന്നു. കുമരകത്തോട് ചേര്‍ന്ന് വരുന്ന താഴത്തങ്ങാടി എന്ന സ്ഥലത്ത് ഏകദേശം 1000 വര്‍ഷം പഴക്കമുളള ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നു.
വള്ളംകളി
വിവിധതരത്തിലുള്ള വിള്ളങ്ങളും ഹൗസ്‌ബോട്ടുകളും കുമരകത്ത് നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഹൗസ്‌ബോട്ട് യാത്ര കേരളത്തിലെയാണ്. ഈ പ്രദേശത്തുകണ്ടുവരുന്ന കെട്ടുവള്ളം മത്സ്യബന്ധനത്തിനായും ചരക്കുകള്‍ കൊണ്ടുപോകുന്നതിനായും ഉപയോഗിച്ചുവരുന്നു. കൊച്ചു ഓടി വള്ളം, ഓടി വള്ളം, ഇരുട്ടുകുത്തി വള്ളം, ചുരുളന്‍ വള്ളം, ചുണ്ടന്‍ വള്ളം എന്നിവ ലക്ഷണമൊത്ത പ്രത്യേകതരം വള്ളങ്ങളാണ്. ഇവയെല്ലാം ഓണം സമയത്തു നടത്തിവരുന്ന വള്ളംകളിയില്‍ കാണാന്‍ സാധിക്കും. പല വലിപ്പത്തിലും രൂപത്തിലുമുള്ള വള്ളങ്ങളിലായി 1000ലോറെ തുഴച്ചിലുകാര്‍ പങ്കെടുക്കുന്നു. 50 പേര്‍ക്ക് ഇരിക്കാവുന്ന ഇരുട്ടുകുത്തി വള്ളത്തിന് വളരെയധികം പ്രാധാന്യം നല്‍കിവരുന്നു. കുമരകം ചന്തയോട് ചേര്‍ന്നുകിടക്കുന്ന കൈത്തോട്ടിലാണ് കുമരകം വള്ളംകളി സംഘടിപ്പിച്ചുവരുന്നത്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ട്രോഫി നല്കിവരുന്നു.
എത്തിച്ചേരാനുള്ള മാര്‍ഗ്ഗങ്ങള്‍
വിമാനമാര്‍ഗം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 80 കിലോമിറ്റര്‍ അകലെയാണ് കുമരകം സ്ഥിതി ചെയ്യുന്നത്
ട്രയിന്‍ : കോട്ടയത്തുനിന്നും ബസ്സുകള്‍ ലഭ്യമാണ്
ബോട്ട് : മുഹമ്മ ( ആലപ്പുഴക്ക് സമീപം) കുമരകംബോട്ട് ജെട്ടിയില്‍ എത്തിച്ചേരാവുന്നതാണ്.
റോഡ് : കെ എസ് ആര്‍ ടി സി , പ്രൈവറ്റ് ബസ്സുകള്‍, ടാക്‌സികള്‍ എന്നിവ ലഭ്യമാണ്.

ധാരാളം റിസോര്‍ട്ടുകളും മറ്റ് ഏജന്‍സികളും ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ലഭ്യമാക്കിക്കൊടുക്കുന്നു.
നാനാവില്‍ കൊതിയൂറുന്ന വിവിധ തരത്തിലുള്ള ഭക്ഷണങ്ങളും മധുരമൂറുന്ന നല്ല നാടന്‍ ചെത്തുകള്ളും ഇവിടെ ലഭ്യമാണ്. ഇവയൊക്കെയാണ് മറ്റു സ്ഥലങ്ങളില്‍ നിന്നും കുമരകത്തെ വ്യത്യസ്തമാക്കുന്നത്.