ബസ് സ്റ്റാൻഡ് തുറക്കുകയും സ്റ്റോപ്പുകൾ പൂർണമായും സ്റ്റാൻഡിലേക്ക് മാറ്റുകയും വേണം: തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറിന്റെ ഹർജിയിൻമേൽ അടിയന്തിര പ്രാധാന്യമുള്ള വിഷയമെന്നും 45 ദിവസത്തിനകം തീരുമാനമെടുത്ത് അറിയിക്കണമെന്നും കോട്ടയം നഗരസഭയോട് ഹൈക്കോടതി
കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിൽ കഞ്ഞിക്കുഴിയിലുള്ള ബസ് സ്റ്റാൻഡ് തുറന്നു കൊടുക്കാത്തതുമൂലം പുതുപ്പള്ളി, കൊല്ലാട് , മണർകാട്, മുണ്ടക്കയം, കോട്ടയം, തിരുവഞ്ചൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ബസ്സുകൾ റോഡിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ്.
ഇത് മൂലം അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് കഞ്ഞിക്കുഴിയിൽ അനുഭവപ്പെടുന്നത്. ബസ് സ്റ്റാൻഡ് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളും, വിവിധ റസിഡൻസ് അസോസിയേഷനുകളും, പൊലീസും നിരവധി തവണ നഗരസഭയ്ക്ക് പരാതി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ച് 2024 നവംബറിൽ തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറും നഗരസഭയ്ക്ക് പരാതി നൽകി. പരാതിയിൻമേൽ തുടർനടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
കോട്ടയം നഗരസഭാ സെക്രട്ടറി, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ഡിവൈഎസ്പി , ഈസ്റ്റ് എസ്എച്ച്ഒ, ട്രാഫിക് എസ്എച്ച്ഒ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ഹർജി ഫയൽ ചെയ്തത്. ഹർജി പരിഗണിച്ച ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. കൂടാതെ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്നും 45 ദിവസത്തിനകം തീരുമാനമെടുത്ത് അറിയിക്കണമെന്നും കോട്ടയം നഗരസഭയോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
25 വർഷത്തോളമായി അടഞ്ഞുകിടക്കുന്ന ബസ് സ്റ്റാൻഡിൽ മാലിന്യം തള്ളുന്നതിനും, ഉപയോഗശൂന്യമായ നഗരസഭയുടെ വാഹനങ്ങൾ ഇടുന്നതിനുമാണ് ഉപയോഗിക്കുന്നത്. ഇതോടെ ബസ്റ്റാൻഡ് അനാശാസ്യക്കാരുടെ താവളവുമായി മാറി.
കോട്ടയം നഗരത്തിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മൗണ്ട് കാർമൽ സ്കൂളും കഞ്ഞിക്കുഴി ജംഗ്ഷനിലാണ് സ്ഥിതിചെയ്യുന്നത്. ഈ കുട്ടികളെല്ലാം റോഡ് വക്കത്ത് നിന്നാണ് ബസുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. ഇതെല്ലാം അതിരൂക്ഷമായ ഗതാഗതക്കുരുക്കിനും, വൻ അപകടത്തിനുമാണ് കാരണമാകുന്നത്.
ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ സെഷൻസ് ജഡ്ജി തുടങ്ങിയവരും, സുപ്രീം കോടതി റിട്ട: ജഡ്ജി അടക്കമുള്ള നഗരത്തിലെ പ്രമുഖരെല്ലാം താമസിക്കുന്നത് കഞ്ഞിക്കുഴിയിലാണ്