തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു കുഴഞ്ഞു വീണത്. റവന്യൂ മന്ത്രിയുടെ വാഹനത്തിൽ അദ്ദേഹത്തെ ഉടൻ തന്നെ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. 2021-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചു വളർന്ന നേതാവായിരുന്നു.
ഭൗതിക ശരീരം അൽപ്പ സമയത്തിനുള്ളിൽ സി പി ഐ സംസ്ഥാന ആസ്ഥാനമായ തിരുവനന്തപുരം എം എൻ സ്മാരകത്തിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കുമെന്ന് സെക്രട്ടറി സഖാവ് ബിനോയ് വിശ്വം അറിയിച്ചു
സംസ്കാരം നാളെ ഇടുക്കിയിൽ നടക്കുമെന്നാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്
ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂർ സോമൻ്റെ എതിരാളി. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്.














































































