*ഓപ്പറേഷൻ ക്ലീൻ സ്ലേറ്റുമായി പരിശോധന ശക്തമാക്കി കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്*
ചങ്ങനാശ്ശേരി തെങ്ങണ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നിന്നും 1.41 കിലോഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ.
ആസാമിലെ ദീമാംജി ജില്ലക്കാരനായ ഗുൻഗുഹ സ്വദേശി 35 കാരനായ അസിം ചങ്മയ് ആണ് അറസ്റ്റിലായത്.
ഇയാളുടെ പക്കൽ നിന്നും കഞ്ചാവിനൊപ്പം 10,800 രൂപ, കഞ്ചാവ് ചുരുട്ടി വലിക്കാൻ ഉപയോഗിക്കുന്ന ചെറിയ ഉപകരണങ്ങൾ എന്നിവയും കണ്ടെത്തി.
ഓൺലൈനിൽ നിന്നും വാങ്ങിയ ഈ ഉപകരണം ചേർത്താണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത് എന്നതിനാൽ വിദ്യാർത്ഥികളും, യുവാക്കളും അടക്കമുള്ള ആവശ്യക്കാർ ഏറെയായിരുന്നുവെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പരിസരത്തെ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും ഉപയോഗവും തകൃതിയായി നടക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എം. നൗഷാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് വാങ്ങി വിൽപ്പന നടത്തുന്ന ചെറുകിട കച്ചവടക്കാരും ഏറെയുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിനുണ്ട്.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി.ജി, ഉദ്യോഗസ്ഥരായ അരുൺ സി. ദാസ്, ദീപക് സോമൻ, അരുൺ ലാൽ, നിഫി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ചങ്ങനാശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് എന്ന പേരിൽ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, ജില്ല കേന്ദ്രീകരിച്ച് പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും അറിയിച്ചു.