ഭരണഘടന വിരുദ്ധ പരാമർശത്തിൻ്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാൻ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക് മടങ്ങി വരുന്നു. സജി ചെറിയാൻ്റെ സത്യപ്രതിജ്ഞ നാളെ നടക്കും. ഗവർണർ അനുമതി നൽകി. സത്യപ്രതിജ്ഞ ചടങ്ങ് നാളെ വൈകിട്ട് നാലിനാണ് നടക്കുന്നത്. ഭരണഘടനക്കെതിരെ വിമർശനം നടത്തിയതിന് സജി ചെറിയാനെതിരെ കോടതിയിൽ കേസ് ഉള്ളതിനാൽ നിയമോപദേശം തേടിയ ശേഷമാണ് ഗവർണർ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയത്. ഗവർണർ അറ്റോർണി ജനറലിനോടും നിയമോപദേശം തേടിയിരുന്നു. ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ കോടതി പൂർണ്ണമായും കുറ്റവിമുക്തനാക്കി എന്ന് ബോധ്യമായാൽ മാത്രം സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയാൽ മതിയെന്ന് ഗവർണർക്ക് നിയമപദേശം ലഭിച്ചിരുന്നു. ഭരണഘടന വിരുദ്ധ പ്രസംഗത്തെ തുടർന്ന് ജൂലൈ 6നാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. 2022 ജൂലൈ 3ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലെ സജി ചെറിയാൻ്റെ പ്രസംഗമായിരുന്നു വിവാദത്തിൻ്റെ തുടക്കം.
